CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

അനൂപിന്റെ ബോസ് ഇടപെട്ടു, സൈക്കോവ്സ്കിയുടെ കേസ് പോലീസ് അട്ടിമറിച്ചു.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സംഗീത പാർട്ടിക്കിടയിൽ അറസ്റ്റിലായ സൈക്കോവ്സ്കിയെ സംരക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു സാംപിളിൽ തിരിമറി നടത്തിയെന്നും കേസ് അന്വേഷണം, പോലീസ് അട്ടിമറിക്കുകയായിരുന്നു വെന്നും ഞെട്ടിക്കുന്ന വിവരം പുറത്ത്.
ബെംഗളൂരു ‘സിനിമാ ലഹരി’ കേസ് അന്വേഷിക്കുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) ലഭിച്ച മൊഴികളിലാണ് ഇക്കാര്യമുള്ളത്. യുവാക്കൾക്കിടയിൽ ‘റഷ്യൻ സീക്രട്ട്’ എന്നു പേരിട്ട രാസ ലഹരിപദാർഥം പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞൻ വാസ്‌ലി മാർക്കലോവിൻ എന്ന സൈക്കോവ്സ്കിയെ കേരളത്തിലെത്തിച്ചത് ബെംഗളൂരുവിൽ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ് പങ്കാളിയായ ലഹരി മാഫിയ റാക്കറ്റ് ആയിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച മൊഴികളിൽ പൊലീസിന്റെ പിടിയിലായ സൈക്കോവ്സ്കിയിൽ നിന്നു പിടിച്ച ലഹരിമരുന്നിന്റെ യഥാർഥ സാംപിൾ മാറ്റിയാണ് രാസപരിശോധനയ്ക്ക് അയച്ചതെന്നും പറയുന്നുണ്ട്.

2015 മേയ് 24നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സംഗീത പാർട്ടിക്കിടയിൽ അറസ്റ്റിലായ സൈക്കോവ്സ്കിയെ സംരക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു സാംപിളിൽ തിരിമറി നടത്തിച്ചതു അനൂപിന്റെ ബോസ് എന്ന് അറിയപ്പെടുന്ന ആളായിരുന്നു. അനൂപിന്റെ ലഹരി ഇടപാടുകൾക്കു ചരടുവലിച്ചതും ഇയാളാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ലഹരിമരുന്നിന്റെ യഥാർഥ സാമ്പിളായ തോണ്ടി മുതൽ കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിൽ സമർപ്പിക്കുമ്പോൾ മാറ്റുകയായിരുന്നു. തൊണ്ടി മുതൽ ലഹരി പദാർഥമല്ലെന്ന പരിശോധനാഫലം വന്നതോടെ കേസ് അട്ടിമറിക്കപ്പെടുന്നത്. കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിൽ സമർപ്പിച്ച സാംപിളിലാണു തിരിമറി നടത്തിയത്. ഇതേ കേസിൽ അറസ്റ്റിലായ മിഥുൻ സി.വിലാസ് എന്ന ഡിജെ കോക്കാച്ചി മൊഴികൾ കേസന്വേഷിച്ച അന്വേഷണ സംഘം മാറ്റിപ്പറയിപ്പിച്ച വിവരവും ചോദ്യം ചെയ്യലിൽ പുറത്തുവന്നിരിക്കുകയാണ്.

അതേസമയം, കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇന്ന് നടന്നു വരുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മാഫിയകളുടെ കൈകളിലേക്ക് കേരളം വഴുതി വീഴുകയാണ്. മിക്ക കേസുകളും കേസന്വേഷണം നടത്തുന്ന പോലീസ് തന്നെ അട്ടിമറിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. മദ്യ ലഹരി മാഫിയ കേസുകളിൽ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുന്നില്ല എന്നുവേണം പറയാൻ. സ്വർണക്കടത്തിനു പുറമെ മയക്കുമരുന്ന്, കഞ്ചാവ് കടത്ത്, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ കേരള സമൂഹത്തിന് വലിയ ഭീഷണിയായി അതുകൊണ്ടു തന്നെ മാറിക്കഴിഞ്ഞു. ഭരണത്തിന്റെ വികലമായ അബ്‌കാരി നയമാണ് ലഹരി മാഫിയയെ വാനോളം വളർത്തിയിരിക്കുന്നത്. എക്സൈസിനും പൊലീസിനും തളയ്ക്കാനാകാത്ത വിധം അതിന്റെ വളർച്ച ഉന്നതങ്ങളിലെ ബന്ധത്തോടെ തടിച്ചു കൊഴുക്കുകയാണ്. രണ്ടുദിവസം മുൻപ് തിരുവനന്തപുരം ജില്ലയിലെ കോരാണിയിൽ വച്ച് കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചുകൊണ്ടുവന്ന അഞ്ഞൂറു കിലോ കഞ്ചാവാണ് എക്സൈസുകാർ പിടികൂടിയത്. കർണാടകയിലെ മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിനുവേണ്ടി ആന്ധ്രയിൽ നിന്നെത്തിച്ചതായിരുന്നു ഇതെന്നാണ് കണ്ടെത്തിയതെന്ന് പറയുന്നുണ്ടെകിലും, കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളിലേക്ക് കേസന്വേഷണം നീണ്ടുപോയിട്ടില്ല.

ഉന്നതന്മാർക്കിടയിലെ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ റെയ്‌ഡുകൾ നടന്നു വരുന്നതിനാൽ കൂടുതൽ സുരക്ഷിതമായ താവളം തേടിയാണ് ചരക്ക് കേരളത്തിലേക്ക് എത്തിയെന്ന വിവരമാണ് ഉള്ളത്. അതുകൊണ്ടു തന്നെ മയക്ക് മരുന്ന് ലോബി കേരളം എന്നത് ഒരു സുരക്ഷിത താവളമാണെന്നു കണക്ക് കൂട്ടിയിരിക്കുന്നു എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഉത്തരേന്ത്യയിലെ ശക്തരായ ലോബികളാണ് ഈ ലഹരിക്കച്ചവടത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടയ്‌നർ ഡ്രൈവറെയും ക്ളീനറെയും അറസ്റ്റ് ചെയ്തതൊഴിച്ചാൽ സംഘത്തിലെ മറ്റാരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഘത്തിലെ നാല് പ്രധാനികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് എക്സൈസ് അധികൃതർ. പഞ്ചാബ് സ്വദേശിയായ രാജുഭായ് എന്നയാളാണ് താളവാണെന്നും എക്സൈസ് പറയുന്നു. അടുത്തകാലത്ത് വയനാട്ടിൽ പിടികൂടിയ നൂറുകിലോ കഞ്ചാവ് കടത്തിനു പിന്നിലും ഇയാളുടെ സംഘമായിരുന്നുവെന്ന വിവരം ആണ് ലഭിച്ചിരിക്കുന്നത്. എന്നാൽ സംഘത്തിലെ പ്രധാനിയെയോ സംഘാംഗങ്ങളെയോ കേരളത്തിൽ ഇവർക്ക് സഹായം ചെയ്തുവരുന്ന മാഫിയയുടെ പ്രധാന കണ്ണിയെയോ പിടികൂടാൻ ഇതുവരെ അധികൃതർക്ക് ആയിട്ടില്ല.

അധികൃതരുടെ കണ്ണിൽപ്പെടാതെ നിരവധി തവണ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചിട്ടുണ്ടെന്ന് പച്ചവെള്ളം പോലെ എക്സൈസിനും പൊലീസിനും അറിയാം. ലഹരികടത്തു സംഘങ്ങൾക്ക് പല സംസ്ഥാനങ്ങളിലും വേരുകളുള്ളതിനാൽ കേന്ദ്ര ഏജൻസിക്ക് മാത്രമേ ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്താൻ കഴിയൂ. കോരാണിയിൽ പിടികൂടിയ അഞ്ഞൂറു കിലോ കഞ്ചാവിന്റെ വിപണി വില ഇരുപതു കോടി രൂപയാണെന്നാണ് എക്സൈസ് കണക്കാക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടു കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്നാണ് വിവരം. സംസ്ഥാനത്തെ ഏതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങൾ ലഹരിവസ്തുക്കളാൽ സമൃദ്ധമാണെന്നത് പരസ്യമായ രഹസ്യമാണ്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ വിറ്റഴിക്കാൻ കഴിയുമെന്നതിനാൽ കഞ്ചാവിനും അതുപോലുള്ള ലഹരി ഉത്പന്നങ്ങൾക്കും എവിടെയും ഇന്ന് മികച്ച വിപണിയാണുള്ളത്. വൻതോതിലുള്ള കടത്ത് വല്ലപ്പോഴും ഒരിക്കൽ മാത്രമാണു പിടികൂടപ്പൂപെടുന്നത്. ഉന്നതങ്ങളിലെ ബന്ധം മുഖ്യ കുറ്റവാളികൾക്ക് രക്ഷയൊരുക്കുകയാണ് ചെയ്യുന്നത്. ലഹരി കടത്തു സംഘങ്ങളിൽപ്പെട്ട വലിയ മീനുകൾ അപൂർവമായേ വലയിൽ വീഴാറുള്ളു. പരൽ മീനുകളാവും മിക്കപ്പോഴും കുടുങ്ങുന്നത്.

സംഘടിത കുറ്റകൃത്യങ്ങളിൽ ലഹരി കടത്തു സംഘങ്ങൾക്കുള്ള പങ്ക് വ്യക്തമാകുന്നത്, വലി റെയ്‌ഡുകളും, കൂട്ട അറസ്റ്റും ഒക്കെ നടക്കുമ്പോഴാണ്. ബംഗളൂരുവിൽ ഒരാഴ്ചയായി നടക്കുന്ന ലഹരി മരുന്നുവേട്ട ഇതിനകം സിനിമാ മേഖലയിലെ പല ഉന്നതന്മാരിലേക്കും നീണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരു മലയാളിയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നിശാപാർട്ടികളിൽ സിനിമാ താരങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിച്ചിരുന്നത് ഇയാളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. കേരളത്തിലേക്കുകൂടി നീളുന്നതാണ് ഈ മയക്കുമരുന്നു ശൃംഖലയുടെ വേരുകളെന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close