'ഡിസ് ക്വാളിഫൈഡ് എംപി'; രാഹുല്‍ ഗാന്ധി തന്റെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈല്‍ സ്റ്റാസ് തിരുത്തി
NewsNational

‘ഡിസ് ക്വാളിഫൈഡ് എംപി’; രാഹുല്‍ ഗാന്ധി തന്റെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈല്‍ സ്റ്റാസ് തിരുത്തി

ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി തന്റെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈലില്‍ സ്റ്റാസ് തിരുത്തി. ‘ഡിസ് ക്വാളിഫൈഡ് എംപി’ എന്നാണ് രാഹുല്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. അയോഗ്യതനടപടി ഉയര്‍ത്തിക്കാട്ടി ജനമധ്യത്തിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് സൂചന.
രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരുന്നു. അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാന്‍ തന്നെയാണ് രാഹുലിന്റേയും ഒരുക്കം.
പ്രതിഷേധങ്ങളില്‍ നേതാക്കളുടെ ആഹ്വാനംപോലുമില്ലാതെ പിന്തുണ വര്‍ധിക്കുന്നത് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാനും പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നുണ്ട്. ഇതിനിടെ അപകീര്‍ത്തി കേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ധൃതിപിടിച്ച് കോണ്‍ഗ്രസ് അപ്പീലിന് പോയേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ്‌ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്‌.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാനവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലീസിന്റെ നടപടി. രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസിന്റെ നടപടികളെല്ലാം അവഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സമരമുഖത് ഇറങ്ങിയിരിക്കുന്നത് .

Related Articles

Post Your Comments

Back to top button