'ഭാരതീയ സംസ്കാരമല്ല, ഏത് പാണ്ഡവനാണ് സഹോദരിയെ പൊതുവേദിയിൽ ചുംബിച്ചിട്ടുളളത്?'; വിമർശനവുമായി ബിജെപി മന്ത്രി
NewsNational

‘ഭാരതീയ സംസ്കാരമല്ല, ഏത് പാണ്ഡവനാണ് സഹോദരിയെ പൊതുവേദിയിൽ ചുംബിച്ചിട്ടുളളത്?’; വിമർശനവുമായി ബിജെപി മന്ത്രി

ലഖ്നൗ: ഭാരത് ജോഡോ യാത്രയുടെ സ്വീകരണ പരിപാടിയിൽ സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധിയെ ചുംബിച്ച രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ഉത്തർപ്ര​ദേശ് മന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് പ്രതാപ സിങ്. ഭാരത് ജോഡോ യാത്രയ്ക്കിടെ യു.പി.യിലെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു.

തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയുടെ നെറുകയില്‍ ചുംബനം നല്‍കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു. ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുളളത് എന്ന് ചോദിച്ച ബിജെപി നേതാവ് ഇത്തരം കാര്യങ്ങൾ ഭാരതീയ സംസ്കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു. ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ പരാമർശം.

‘ആർഎസ്എസുകാരെ കൗരവരെന്ന് വിളിക്കുമ്പോൾ, താൻ പാണ്ഡവനാണെന്നാണോ രാഹുൽ ​ഗാന്ധി ഉദ്ദേശിക്കുന്നത്?. രാഹുൽ പാണ്ഡവനാണെങ്കിൽ ഏത് പാണ്ഡവനാണ് അമ്പതാം വയസിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെച്ചത്. അത് നമ്മുടെ സംസ്കാരമല്ല. ഭാരതീയ സംസ്കാരം ഇത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല,’ ദിനേഷ് പ്രതാപ സിങ് പറഞ്ഞു.

Related Articles

Post Your Comments

Back to top button