രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു, വിദഗ്ധർ
NewsKeralaNationalHealth

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു, വിദഗ്ധർ

ഇന്ത്യയില്‍ കോവിഡ് 19 സാമൂഹ വ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാടിനെതിരെ രാജ്യത്തെ വൈറോളജി വിഭാഗത്തിലെ വിദഗ്ധർ. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി കരുതാമെന്നും, സത്യം അംഗീകരിക്കുന്നതിൽ സർക്കാർ പിടിവാശി കാണിക്കരുതെന്നുമാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സീറോ സർവെയിലെ കണ്ടെത്തലുകൾ പുറത്തുവിട്ടുകൊണ്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് വൈറോളജി വിഭാഗത്തിലെ വിദഗ്ധർ അത് ശരിയല്ലെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറയുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക്ഡൗണ്‍ ഇളവുകളും വന്നതോടെ രോഗവ്യാപനം വളരെ വേഗത്തിലായെന്നും, ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇടങ്ങളിൽ രോഗാണുക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും, സമൂഹവ്യാപനം സംഭവിച്ചെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കുന്നതിന് ഇക്കാര്യം ഞങ്ങൾ അറിയേണ്ടതുടെന്നാണ് മിശ്ര സൂചന നൽകുന്നത്.
ഐസിഎംആറിന്റെ സർവെയും മിശ്ര തള്ളി. സാമൂഹ വ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കുക ഉണ്ടായത്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍,രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ഇത് വളരെ അപര്യാപ്തമാണ്. മിശ്ര പറഞ്ഞു.
ഇന്ത്യ നേരത്തെ തന്നെ സാമൂഹ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യരംഗത്തെ അധികാരികള്‍ അത് അംഗീകരിക്കുന്നില്ല. ഐസിഎംആര്‍ തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 40% പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല എന്നാണ്. ഇവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഏതെങ്കിലും കോവിഡ് രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ല. ഇത് സാമൂഹ വ്യാപനമല്ലെങ്കില്‍ പിന്നെന്താണ്? വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ പൊതുവെ സാമൂഹ വ്യാപനമില്ലെന്ന ഐസിഎംആറിന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു എന്ന വസ്തുത നിരാകരിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വിശാലമായ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് വൈറസ് വ്യാപനം സംഭവിക്കുന്നതെന്നും, ഡോ. അരവിന്ദ് കുമാര്‍ പറയുന്നു. സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴും രോഗവ്യാപനത്തിന്റെ തോതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് വിദഗ്ധരുടെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

Related Articles

Post Your Comments

Back to top button