ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ സാധ്യത.

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികൾ ഗുരുതരമല്ലെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണാർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ കൂടുതൽ ഇന്ത്യൻ-ചൈനീസ് സേനകൾ നിലയുറപ്പിച്ചിരിക്കുന്ന. എന്നാൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തിയിൽ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനീകരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയും പ്രതിരോധമെന്നോണം അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗൽവാൻ നദീതാഴ്വരയിലെ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചിരുന്നു. ചൈനയും അവരുടെ അതിർത്തിയിൽ നിർമ്മാണങ്ങൾ നടത്തിയിരുന്നു. അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ മൂന്ന് സേനാത്തലവൻമാരും പ്രതിരോധ മേധാവി ബിപിൻ റാവത്തും ചൊവ്വാഴ്ച പ്രതിരോധ മന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന കരസേന കമാൻഡര്‍മാരുടെ രണ്ടു ദിവസത്തെ യോഗം ബുധനാഴ്ച ഡൽഹിയിൽ ചേരുകയാണ്. അതി ർത്തിയിലെ സ്ഥിതിഗതികൾകേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് സൈനിക മേധാവിമാരുമായി ചർച്ച ചെയ്തു.
നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധവും ഉലഞ്ഞിരിക്കുകയാണ്. ലിപു ലേഖ് പാസിൽ റോഡ് നിർമ്മിച്ചതാണ് പ്രശ്നങ്ങളുടെ കാരണം.
ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഡാക്കിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാൽ സൈന്യത്തിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങളും ചർച്ചയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും കിഴക്കൻ ലഡാക്കിലെ 3,500 കിലോമീറ്ററോളം വരുന്ന ചൈന-ഇന്ത്യ അതിർത്തിയിൽ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നത് ഇന്ത്യ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിർമ്മാണങ്ങൾ നിർത്തണമെന്ന ഉപാധി ചൈന മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഇതു സ്വീകാര്യമല്ലെന്നനിലപാടാണ് ഇന്ത്യസ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ പിൻമാറാൻ ചൈന തയാറാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ലഡാക്കിലെയും വടക്കൻ സിക്കിമിലെയും ഉത്തരാഖണ്ഡിലെയും സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.