
കൊച്ചി: തന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ലൈഫ് മിഷന് കേസില്‍ എം. ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്ന സുരേഷ്. ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കമ്മീഷന് വാങ്ങിയെന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിബിഐ സംഘത്തിന് നല്‍കിയെന്നും സ്വപ്ന മാധ്യമങ്ങളെ അറിയിച്ചു.
ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ലൈഫ് മിഷന് പദ്ധതി സന്തോഷ് ഈപ്പന് നല്കാന് തീരുമാനമായത്. യോഗത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുല്‍ ജനറലും പങ്കെടുത്തിരുന്നു. ധാരണാപത്രം ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചാണ്. ലൈഫ് മിഷന് പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശനിക്ഷേപം സ്വീകരിച്ച് കോഴ ഇടപാട് നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിക്ക് വേണ്ടി 18.50 കോടി രൂപ യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചു. ഇതില്‍ 14.5 കോടി രൂപ കെട്ടിട നിര്‍മാണണത്തിന് വിനിയോഗിച്ചു. ബാക്കി തുക കോഴയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്തു. സന്തോഷ് ഈപ്പന് എംഡി ആയ യൂണിടെക്കിനാണ് കരാര്‍ ലഭിച്ചത്. ഈ കേസില്‍ സന്തോഷ് ഈപ്പനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
കരാര്‍ ലഭിച്ചപ്പോള്‍ മൂന്നര കോടി രൂപ യുഎഇ കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിനും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്ന് സന്ദീപ് സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്നയ്ക്ക് അഞ്ച് ഐ ഫോണ്‍ നല്‍കിയിരുന്നുവെന്നും സന്തോഷ് ഈപ്പന് സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു സിബിഐ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
Post Your Comments