
തിരുവനന്തപുരം ∙ ഇൻസ്പെക്ടർ പി.ആർ.സുനുവിനു പിന്നാലെ പിരിച്ചുവിടാനുള്ള 10 ഉദ്യോഗസ്ഥരുടെ പട്ടികകൂടി പൊലീസ് ആസ്ഥാനത്തു തയാറായി. ഡിജിപി അനിൽ കാന്തിന്റെ നിർദേശപ്രകാരം ഇവരുടെ ഫയലുകൾ ഭരണവിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു തുടങ്ങി.
ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, 7 ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് പട്ടികയിലുള്ളത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരമാണ് സുനുവിനെ പിരിച്ചുവിട്ടത്. 16 തവണ വകുപ്പുതല നടപടി നേരിട്ട സുനു 15 കേസിലും പ്രതിയാണ്. ക്രിമിനലുകളായ പൊലീസുകാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കർശന നിർദേശം മുഖ്യമന്ത്രിയും നൽകിയിട്ടുണ്ട്. സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും എസ്ഐമാർക്കെതിരെ ഡിഐജിക്കും സിഐമാർക്കെതിരെ ഐജിക്കും എഡിജിപിമാർക്കും ഡിവൈഎസ്പിമാർക്കെതിരെ സർക്കാരിനും പിരിച്ചുവിടൽ നടപടി സ്വീകരിക്കാം.
Post Your Comments