പുതിയ വിദ്യാഭ്യാസ സംവിധാനത്തില്‍ 12 വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ അംഗന്‍വാടി/ പ്രീ സ്കൂളിംഗ് കാലയളവുമാണുള്ളത്.

പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്കൂള്‍ സമ്പ്രദായം പൊളിച്ചെഴുതി പുത്തന്‍ വിദ്യാഭ്യാസ നയം. 5+3+3+4 എന്ന മാതൃകയാണ് പുതിയ നയത്തിലുള്ളത്. നിലവിലെ സമ്പ്രദായത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാല് വരെ ലോവര്‍ പ്രൈമറിയും (എല്‍പി) അഞ്ചാം ക്ലാസ് മുതല്‍ ഏഴ് വരെ അപ്പര്‍ പ്രൈമറിയും (യുപി) എട്ട് മുതല്‍ 10 വരെ ഹൈസ്കൂളും 11, 12 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയതായി വരുന്ന സംവിധാനത്തില്‍ ഹയര്‍ സെക്കണ്ടറി അഥവാ ജൂനിയര്‍ കോളജ് ഒഴിവാക്കപ്പെടും. പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകള്‍ വേര്‍തിരിക്കുന്നത്. മൂന്നു മുതല്‍ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാമത്തെ സ്റ്റേജില്‍ ഉള്‍പ്പെടുക. തുടര്‍ന്ന് 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങള്‍.
ഇതോടെ 3-6 വരെ പ്രായത്തിലുള്ള കുട്ടികള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. പുതിയ സംവിധാനത്തില്‍ 12 വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ അംഗന്‍വാടി/ പ്രീ സ്കൂളിംഗ് കാലയളവുമാണുള്ളത്. പ്രീ പ്രൈമറി സ്കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തില്‍ ഉള്‍പ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകള്‍ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകള്‍ അപ്പര്‍ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകള്‍ ഹൈ സ്റ്റേജിലും ഉള്‍പ്പെടും.
ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കുക. ഏര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ എന്ന വിഷയത്തില്‍ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങള്‍ തയാറാക്കുക. സെക്കന്‍ഡറി സ്റ്റേജില്‍ ഓരോ വര്‍ഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകള്‍ ആയിരിക്കും സെക്കന്‍ഡറി സ്റ്റേജില്‍ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാര്‍ഥി അഞ്ചു മുതല്‍ ആറു വരെ വിഷയങ്ങള്‍ ആണ് പഠിക്കേണ്ടി വരുന്നത്.