ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ ദാരുണാന്ത്യം സംഭവിച്ചത് 27 പേര്‍ക്ക്; നിരവധി പേരെ കാണാനില്ല

ന്യൂഡല്‍ഹി: മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ പൂര്‍ണമായി അണച്ചത്. പരിക്കേറ്റ 12 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത പോലീസ് സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാനായി ഫോറന്‍സിക് പരിശോധന ഇന്ന് നടക്കും.
ഡല്‍ഹി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കായിലുണ്ടായത്. സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണമായി കത്തിയ നിലയിലാണ്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കൂടൂതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.