ഗോവയില്‍ പാര്‍ട്ടി യോഗത്തില്‍നിന്ന് വിട്ടുനിന്ന് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍; ബിജെപിയുമായി സമ്പര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്
NewsNational

ഗോവയില്‍ പാര്‍ട്ടി യോഗത്തില്‍നിന്ന് വിട്ടുനിന്ന് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍; ബിജെപിയുമായി സമ്പര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്

പനജി: നിയമസഭാ സമ്മേളനത്തിന് ഒരുദിവസം മുന്‍പ് നടന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് വിട്ടുനിന്ന് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ചിലര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. എന്നാല്‍ പിളര്‍പ്പുണ്ടെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് തള്ളി. രണ്ടാഴ്ച നീളുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പായി ബിജെപിയാണ് ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദിഗംബര്‍ കാമത്ത് ശനിയാഴ്ച വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിനെത്തിയില്ല. മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി കാമത്തിന് നീരസമുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ പാടേ തള്ളുകയാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ലോബോ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയത്.

ഇദ്ദേഹവും ബിജെപിയുമായി ആശയവിനിമയത്തിലാണെന്നും ചില റിപ്പോര്‍ട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് സ്പീക്കര്‍ രമേശ് തവാദ്കര്‍ ഞായറാഴ്ച റദ്ദാക്കി. ഗോവയിലെ 40 അംഗ നിയമസഭയില്‍ 25 എംഎല്‍എമാര്‍ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍നിന്നാണ്. 11 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്.

Related Articles

Post Your Comments

Back to top button