ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പാക് കേണലിന്റെ സംഭാവന 30000 രൂപ
NewsNational

ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പാക് കേണലിന്റെ സംഭാവന 30000 രൂപ

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ തബ്രാക്ക് ഹുസൈന്‍ എന്ന ചാവേറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നൗഷേരയിലെ സെഹര്‍ മിക്രി മേഖലയിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തബ്രാക്ക് ഹുസൈനോട് സൈനികര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ഇയാളെ സൈന്യം വെടിവച്ചിട്ട് പിടികൂടി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ തനിക്ക് പൈസ നല്‍കിയതായി വെളിപ്പെടുത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

തനിക്ക് പാക് ചാര സംഘടന ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും നേരത്തേയും നുഴഞ്ഞുകയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും തബ്രാക്ക് ഹുസൈന്‍ പറഞ്ഞു. 2016ല്‍ അതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ തബ്രാക്ക് ഹുസൈനെ മാനുഷിക പരിഗണന വച്ച് 2017ല്‍ വിട്ടയച്ചതാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. താനടക്കം അഞ്ച് പേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്നും തബ്രാക്ക് ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞദിവസം നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരര്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Post Your Comments

Back to top button