71കാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞിന് പാല്‍ തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം
എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് മരിച്ചു. ജന്മം നല്‍കി 45-ാം ദിവസമാണ് അന്ത്യം. രാമപുരം ഏഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രപിയില്‍ നീരീക്ഷണത്തിലായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടില്‍ കുഞ്ഞിനെ കൊണ്ടുവന്നത്. സുധര്‍മയും ഭര്‍ത്താവ് റിട്ട. പോലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫീസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ച് വരികയായിരുന്നു. കുഞ്ഞിന്റെ തൂക്കം 1100ല്‍ നിന്നും 1400ലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും സുരേന്ദ്രനും ആഗ്രഹിച്ചത്