സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍; ഇന്ത്യ കുതിക്കുമ്പോള്‍ പാക്കിസ്ഥാന്‍ കിതയ്ക്കുന്നു
NewsNationalWorld

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍; ഇന്ത്യ കുതിക്കുമ്പോള്‍ പാക്കിസ്ഥാന്‍ കിതയ്ക്കുന്നു

ന്യൂഡല്‍ഹി: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചനം നേടി അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും 76ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ എല്ലാ രംഗങ്ങളിലും ശക്തമായ പുരോഗതി കാഴ്ചവയ്ക്കുമ്പോള്‍ പാക്കിസ്ഥാന്‍ പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് നടന്നടുക്കകുയാണ്. ആഭ്യന്തര കലാപങ്ങളും തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പുമാണ് പാക്കിസ്ഥാനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 32 വയസായിരുന്നു. 75 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 72 വയസായി മാറി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ഓരോ രംഗത്തും പുരോഗതിയുടെ പടവുകള്‍ അതിവേഗം കയറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും റഷ്യയും ചൈനയും കഴിഞ്ഞാല്‍ നാലാമത്തെ സൈനികശക്തിയാണ് ഇന്ത്യ. കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ ഔഷധ ഫാക്ടറിയായി മാറി.

എന്നാല്‍ പാക്കിസ്ഥാന്‍ ഇന്നും സ്വാതന്ത്ര്യലബ്ധിയുടെ അവസ്ഥയില്‍ തന്നെയാണ് എന്നുപറയാം. കടുത്ത സാമ്പത്തിക പ്രതിസന്ധി പാക്കിസ്ഥാനെ ഇന്ന് ശ്രീലങ്കയുടെ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. 1757ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഇന്ത്യ വളരെ സമ്പന്നരാജ്യമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും രണ്ട് നൂറ്റാണ്ടുകൊണ്ട് അടിച്ചുമാറ്റിയ ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ 40 കോടി ജനസംഖ്യയിലെ 70 ശതമാനം ജനങ്ങളും പട്ടിണിയിലായിരുന്നു.

ഇന്ന് 135 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ആറ് ശതമാനം പേരാണ് പട്ടിണി അനുഭവിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നിരവധി ചോരപ്പുഴകളാണ് ഇന്ത്യ നീന്തിക്കയറിയത്. ഇപ്പോള്‍ 21ാം നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കാനിരിക്കെ ലോകം മുഴുവനും ഉറ്റുനോക്കുകയാണ് ഇന്ത്യയെ. എന്നാല്‍ പാക്കിസ്ഥാനാകട്ടെ ആരില്‍ നിന്ന് സഹായം ലഭിക്കും എന്നറിയാതെ ലോകം മുഴുവനും ഓടിക്കൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ അടിയുറച്ച് നെഹ്‌റുവിന്റെ വീക്ഷണങ്ങളുടെ പാതയില്‍ ദൃഢനിശ്ചയത്തോടെ ഇന്ത്യ നടന്ന് നീങ്ങിയപ്പോള്‍ കൈവന്ന പുരോഗമനവും വികസനവും സ്ഥൈര്യമുള്ള ഭരണാധികാരികള്‍ കരുത്തുറ്റ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഉപയോഗിച്ചു.

എന്നാല്‍ പാക്കിസ്ഥാനാകട്ടെ ഇന്ത്യയെ ഏതുവിധേനയും നശിപ്പിക്കാനുള്ള വഴികകള്‍ക്കായി പരക്കം പാഞ്ഞു. അവിടത്തെ ജനതയെ ഭീകരവാദത്തിലേക്ക് തള്ളിവിട്ടു. സാധാരണക്കാര്‍ തോക്കിന്‍ മുനകളില്‍ ജീവിതം ഹോമിക്കേണ്ട അവസ്ഥയിലാക്കി. ആദ്യം തന്നെ റഷ്യ കൈവിടുകയും അമേരിക്കയുമായി പിണങ്ങുകയും ചെയ്ത പാക്കിസ്ഥാന്‍ ഇപ്പോള്‍ ചൈനയുമായാണ് കൂട്ട്. കോവിഡ് കാലത്തിന് ശേഷം പുരോഗതിയുടെ പുതുവഴികള്‍ കണ്ടെത്തി കുതിച്ചപ്പോള്‍ ദാരിദ്ര്യവും അസ്ഥിരതയും വളര്‍ത്തുകയായിരുന്നു പാക്കിസ്ഥാന്‍ ചെയ്തത്.

ഇന്ത്യയോട് മത്സരിക്കാന്‍ മാത്രം പുതുവഴികള്‍ തേടുമ്പോള്‍ അതിവിശ്വസ്ത രാജ്യങ്ങള്‍ പോലും കൈവെടിഞ്ഞ് ഇപ്പോള്‍ പാക്കിസ്ഥാന് ആശ്രയിക്കാന്‍ ചൈനയും തുര്‍ക്കിയും മാത്രമായി മാറിയിരിക്കുന്നു. മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയെ ആശ്രയിക്കുകയാണ്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമെല്ലാം ഇന്ത്യന്‍ സഹായത്തില്‍ നിലനിന്ന് പോരുകയാണ്. പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തിയ താലിബാന്‍ ഭീകരര്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തന്നെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button