ഹരിദ്വാറില്‍ 200 വര്‍ഷം പഴക്കമുള്ള ആല്‍മരം കടപുഴകി വീണു; വിനോദ സഞ്ചാരിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
NewsNationalObituary

ഹരിദ്വാറില്‍ 200 വര്‍ഷം പഴക്കമുള്ള ആല്‍മരം കടപുഴകി വീണു; വിനോദ സഞ്ചാരിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂണ്‍: ഹരിദ്വാറില്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്ന ആല്‍മരം കടപുഴകി വീണ് വിനോദ സഞ്ചാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജ്വാലാപൂരില്‍ അന്‍സാരി മാര്‍ക്കറ്റിന് സമീപത്ത് നിന്നിരുന്ന മരമാണ് വീണത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമാറ്റ കാറ്റും മഴയുമായിരുന്നു ഇന്നലെ വൈകീട്ട് സ്ഥലത്ത് അനുഭവപ്പെട്ടത്. ശക്തമായ വീശിയടിച്ച കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. സംഭവ സമയം മരത്തിന് ചുവട്ടിലും പരിസരത്തുമായി നിരവധി പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മരത്തിന് അടിയില്‍ പെടുകയായിരുന്നു.

വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി മരച്ചില്ലകള്‍ മുറിച്ച് മാറ്റിയ ശേഷമാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വിനോദ സഞ്ചാരിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു ഇതില്‍ രണ്ട് പേര്‍ മരിച്ചത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല.

സോനിപത് സ്വദേശിയാണ് മരിച്ച വിനോദ സഞ്ചാരി. മറ്റൊരാള്‍ പ്രദേശവാസിയാണ്. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടപുഴകി വീണ ആല്‍മരത്തിന് 200 വര്‍ഷം പഴക്കമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Post Your Comments

Back to top button