വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു
NewsKeralaLocal NewsCrime

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

മേപ്പാടി: വയനാട് പള്ളിക്കവലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണം സംഭവിച്ചത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അമ്മ അനിലയ്ക്കും മകന്‍ ആദിദേവിനും നേരെ ആക്രമണമുണ്ടായത്. ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍ വെച്ചാണ് ഇരുവര്‍ക്കും അയല്‍വാസിയുടെ വെട്ടേറ്റത്. ഇവരുടെ അയല്‍വാസിയും പിതാവ് ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജിതേഷിനെ(45) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

അനിലയ്ക്ക് തോളിനും പുറത്തും ആദിദേവിന് ഇടത് ചെവിയുടെ ഭാഗത്തുമാണ് വെട്ടേറ്റത്. ഇരുവരെയും ഉടന്‍ തന്നെ മേപ്പാടി ഡിഎംവിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആദിദേവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബിസിനസിലെ തര്‍ക്കമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതി ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button