തമിഴ്‌നാട്ടിൽ നിന്ന് കടത്തി കൊണ്ട് വന്ന 140 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പോലീസ് പിടിയിലായി.

മീന്‍ ലോറിയില്‍ തമിഴ്‌നാട്ടിൽ നിന്ന് കടത്തി കൊണ്ട് വന്ന 140 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി തൃശ്ശൂരിൽ പോലീസ് പിടിയിലായി. സംസ്ഥാനത്ത് ഒറ്റ തവണ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണിതെന്നാണ്ലോ പോലീസ് പറയുന്നത്. ലോറി ഡ്രൈവര്‍ കൊല്ലം ശക്തികുളങ്ങര കൊന്നയില്‍ തെക്കേതില്‍ അരുണ്‍കുമാറി (33) നെ പ്രത്യേക അന്വേഷണസംഘം സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന് സമീപം തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ലോറിയും ഡ്രൈവറെയും കഞ്ചാവടക്കം പിടികൂടുന്നത്. പച്ചമീന്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവു കയറ്റിയ ലോറി കേരളത്തിലേക്ക് വരുന്നത്. വിശാഖപട്ടണത്തുനിന്നു പുറപ്പെടുമ്പോള്‍ ലോറിയില്‍ മീന്‍ കയറ്റിയിരുന്നു. തമിഴ്‌നാട്ടിലെ മധുര വഴി തിരുവനന്തപുരത്തെത്തിയാണ് ലോറി കേരളത്തിലേക്ക് വരുന്നത്.
ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളിൽ നിന്ന് രക്ഷപെടാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര. ലോറിയില്‍ ഫ്രീസറിന് സമീപം
പ്ലാസ്റ്റിക് പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.