ദത്ത് കേസിന് പിന്നാലെ കണ്ണില്‍ പൊടിയിടാന്‍ ഒരു കത്ത് കേസ്
KeralaNews

ദത്ത് കേസിന് പിന്നാലെ കണ്ണില്‍ പൊടിയിടാന്‍ ഒരു കത്ത് കേസ്

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം നവംബറിലാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഒരു കേസ് നടന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകന്‍ തന്റെ മകളുടെ കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നല്‍കിയത്. അജിത്, അനുപമ എന്നീ യുവസംഘടന പ്രവര്‍ത്തകരുടെ മകനെ അനുപമയുടെ അച്ഛന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും അവിടെ നിന്ന് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു.

തന്റെ കുഞ്ഞിനെ വീണ്ടെടുക്കാന്‍ അനുപമ നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടു. സിപിഎം സംസ്ഥാന- ജില്ല നേതാക്കളടക്കം ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് സമരരംഗത്തേക്ക് കടന്ന അനുപമ അവസാനം പാര്‍ട്ടി കണ്ണുരുട്ടിയപ്പോള്‍ തന്റെ കുഞ്ഞിനെ ലഭിച്ചില്ലോ എന്ന ആശ്വാസവുമായി ഒതുങ്ങിക്കൂടി. അന്വേഷണം മുന്നോട്ട് പോയാല്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ കുടുങ്ങുമെന്ന കാര്യം ഉറപ്പായതോടെയാണ് ഈ കേസ് തേഞ്ഞുമാഞ്ഞുപോയത്.

ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാന്‍, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, ജയചന്ദ്രന്റെ അടുത്ത അനുയായിയും അന്ന് പബ്ലിക് പ്രൊസിക്യൂട്ടറുമായിരുന്ന ഗീന കുമാരി തുടങ്ങി നിരവധി നേതാക്കള്‍ കേസില്‍ കുടുങ്ങുമായിരുന്നു. പേരൂര്‍ക്കട സ്വദേശിയായ അനുപമയുടെ കുഞ്ഞിനെ കടത്തിയ കേസ് മനുഷ്യക്കടത്താണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ തന്നെ ആരോപിച്ചു. എന്നാല്‍ അതെല്ലാം വെറും കുടുംബപ്രശ്‌നമാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി കൈക്കൊണ്ടത്.

അനുപമ നല്‍കിയ കേസിനെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പ്രശ്‌നവുമില്ല. ഈ കേസിന്റെ വഴിയെ തന്നെയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ കത്ത് സംബന്ധിച്ച കേസും പോകുന്നത്. കത്തില്‍ ആരോപണ വിധേയരായവരെല്ലാം പാര്‍ട്ടിക്കാരാണ്. കത്ത് സംബന്ധിച്ച വിവാദം കേസെടുത്ത് അന്വേഷിച്ചാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ കുടുങ്ങും. അതിനാല്‍ തന്നെ ലോക്കല്‍ പോലീസില്‍ പരാതി നല്‍കാതെ നേരിട്ട് ക്രൈംബ്രാഞ്ചിന് നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍.

തനാല്ല കത്ത് എഴുതിയിതെന്നും അതില്‍ തനിക്ക് പങ്കില്ലെന്നും ആര്യ ആണയിട്ട് പറയുന്നു. ഇതുതന്നെയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയപ്പോഴും ആര്യ പറഞ്ഞത്. മേയറല്ലെങ്കില്‍ പിന്നെ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്. കൈകാലുകള്‍ കെട്ടിയിട്ട് നീന്താന്‍ പറയുന്ന അവസ്ഥയാണ് ക്രൈംബ്രാഞ്ചിന്റേത്. മേയറുടെ പരാതി അന്വേഷിക്കണം പക്ഷേ കേസെടുക്കരുത്, വിവാദ കത്തിന്റെ ഉറവിടം കണ്ടെത്തണം, പക്ഷേ ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പാടില്ല, തൊണ്ടി മുതലുകളായി ഒന്നും കണ്ടെടുക്കരുത് തുടങ്ങി നിരവധി നിബന്ധനകളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.

കേസെടുത്താല്‍ പാര്‍ട്ടി കുടുങ്ങും അല്ലെങ്കില്‍ മേയര്‍ കുടുങ്ങും എന്ന അവസ്ഥ വന്നപ്പോഴാണ് എന്‍ക്വയര്‍ ആന്‍ഡ് റിപ്പോര്‍ട്ട് എന്ന ഇതുവരെ കേള്‍ക്കാത്ത പുതിയ നിബന്ധനയോടെ ക്രൈംബ്രാഞ്ചിനെ സര്‍ക്കാര്‍ രംഗത്തിറക്കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പെറ്റി കേസ് അന്വേഷിക്കുന്നത് പോലെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തന്നെയാണ് ഈ കേസിന്റെയും അന്വേഷണ ചുമതല.

കത്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പിലിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തെ ഏരിയ കമ്മിറ്റിയിലെടുത്തത് ജില്ല നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. രണ്ടു കത്തിന്റെയും ഉറവിടം ഒരു സ്ഥലമാണെന്ന് പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നാണ് സൂചന. കത്തുമായി ബന്ധപ്പെട്ട നേതാക്കളെ ദത്ത് കേസിലേതുപോലെതന്നെ സംരക്ഷിച്ചെടുക്കാനാണ് സിപിഎം ജില്ല നേതൃത്വത്തിന്റെ തീരുമാനം. ജില്ലയിലെ ഒരു പ്രമുഖ നേതാവ് നയിക്കുന്ന സംഘത്തിലെ രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളാണ് അദ്ദേഹത്തിനൊപ്പം നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇവരുടെ അടുത്ത അനുയായികളായ പ്രദേശികനേതാക്കളുമുണ്ട്. കോര്‍പ്പറേഷനിലെ താത്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിലെ ആരോപണമുയര്‍ന്നത് ഈ സംഘത്തിലുള്ളവര്‍ക്കുനേരേയാണ്. മെഡിക്കല്‍ കോളേജ്, കോര്‍പ്പറേഷന്‍ എന്നിവയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ താത്കാലിക നിയമനങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇതു രണ്ടും നിയന്ത്രിക്കുന്നത് വിവാദസംഘമാണ്. നിയമനങ്ങള്‍ക്കടക്കം മറ്റു നേതാക്കള്‍ നല്‍കുന്ന പട്ടിക തിരുത്തുന്നത് പ്രമുഖനോടൊപ്പമുള്ള സംഘമാണ്.

ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ എതിര്‍പ്പാണുള്ളത്. ഈ സംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചില മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുമുണ്ട്. എന്തായാലും സമയപരിധി നിശ്ചയിക്കാതെ ക്രൈംബ്രാഞ്ചിന് അപഹാസ്യരാക്കി പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം എത്രകണ്ട് വിജയിക്കുമെന്ന് ഉറ്റുനോക്കുകായണ് കേരളം.

Related Articles

Post Your Comments

Back to top button