
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസാണ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായ ഇടപെടല്‍ നടത്തിയത് മൂലം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ചിന്‍യിന്‍കീഴ് കാറ്റാടിമുക്കില്‍ ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം.
39 യാത്രക്കാരുമായി പുറപ്പെട്ട ബസിനാണ് ഓടിക്കൊണ്ടിരിക്കേ തീപിടിച്ചത്. കയറ്റത്ത് വച്ച് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി. തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. ഉടന്‍ തന്നെ യാത്രക്കാരോട് വാഹനത്തിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തൊട്ടടുത്ത കടകളില്‍ പോയും വാഹനത്തില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് കടക്കാര്‍ ഗ്യാസ് സിലിണ്ടര്‍ അടക്കം സ്ഥലത്ത് നിന്ന് മാറ്റി.
അതിനിടെ പുക ഉയരുന്ന ഭാഗത്ത് നിന്ന് തീ ആളിപ്പടരാന്‍ തുടങ്ങുകയും ബസ് കത്തി നശിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വിഭാഗം തീ അണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതിയില്‍ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments