
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളായണി കാര്‍ഷിക കോളജ് വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ വിദ്യാര്‍ഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തില്‍ മാരകമായി പൊള്ളലേല്‍പ്പിച്ചു. മുറിവില്‍ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു. സംഭവത്തില്‍ ആന്ധ്ര സ്വദേശിയും മുറിയില്‍ ഒപ്പം താമസിക്കുകയും ചെയ്ത വിദ്യാര്‍ഥിനി ലോഹിത(22)യെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റു, ആഴത്തില്‍ മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
ഈ മാസം 18നു നടന്ന ക്രൂര മര്‍ദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. പരാതി നല്‍കാന്‍ തുടക്കത്തില്‍ ദീപിക തയാറായിരുന്നില്ല. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു ദീപിക അവര്‍ക്കൊപ്പം എത്തി കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയത്. തുടര്‍ന്നാണ് ഈ വിവരം കോളജ് അധികൃതര്‍ പോലീസിനെ അറിയിച്ചത്.
Post Your Comments