ക്ലാസ് മുറിയില്‍ നിന്ന് സംരംഭകത്വത്തിലേക്ക്
Local News

ക്ലാസ് മുറിയില്‍ നിന്ന് സംരംഭകത്വത്തിലേക്ക്

കണ്ണൂര്‍: മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ സ്വാശ്രയ ശീലവും, സംരഭകത്വവും വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിറുത്തി സ്‌കൂളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. എന്റര്‍പ്രണര്‍ ഡെവലപ്പ്‌മെന്റ് ക്ലബ്, വിപണിയില്‍ വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ സാധാരണക്കാരുടെ കീശ കാലിയാക്കുന്ന വിലയ്ക്ക് വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണമേന്മ ഒട്ടും കുറയാതെ നിര്‍മ്മിച്ച് മിതമായ വിലക്ക് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പയസ് പടിഞ്ഞാറെ മുറിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു, പ്രിന്‍സിപ്പാള്‍ ഷാജി വര്‍ഗ്ഗീസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. സംരഭകത്വ ക്ലബ് കോഡിനേറ്റര്‍ ജ്യോതിസ് പി. ജോസ്, സ്റ്റാഫ് സെക്രട്ടറി പി.എ. പ്രസാദ് തുടങ്ങിയ അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.

സോപ്പ്, ക്ലീനിങ്ങ് ലോഷന്‍, തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയും അതുവഴി പുസ്തകത്താളുകളില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും ലഭിച്ച തിയറി ക്ലാസുകള്‍ക്കപ്പുറം പ്രായോഗിക പരിശീലനവും ലഭ്യമാകുന്നു. കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യവിഷയത്തോട് കൂടുതല്‍ അടുക്കുന്നതിനും ഒരു ഉത്പന്നം നിര്‍മ്മിക്കുന്നതും, വിലയിടുന്നതും, മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും സാമ്പത്തിക ശാസ്ത്ര ക്ലാസുകളില്‍ നിന്ന് കേട്ട് പരിചയിച്ചവ നേരിട്ട് മനസ്സിലാക്കുന്നതു വഴി വിഷയത്തില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനും കഴിയുന്നു. ബദല്‍ ജീവിത പഠനകേന്ദ്രം ചാലക്കുടി ഡയറക്ടര്‍ പ്രൊഫ. വര്‍ഗ്ഗീസ് പോള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.

Related Articles

Post Your Comments

Back to top button