ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ കേസ് നേരിടുക; ചേര്‍ന്നാല്‍ 20 കോടി, മറ്റുള്ളവരെ ചേര്‍ത്താല്‍ 25 കോടി: ബിജെപി ഓഫര്‍ വെളിപ്പെടുത്തി എഎപി
NewsNationalPolitics

ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ കേസ് നേരിടുക; ചേര്‍ന്നാല്‍ 20 കോടി, മറ്റുള്ളവരെ ചേര്‍ത്താല്‍ 25 കോടി: ബിജെപി ഓഫര്‍ വെളിപ്പെടുത്തി എഎപി

ന്യൂഡല്‍ഹി: എഎപി സര്‍ക്കാറിനെ മറിച്ചിടാല്‍ ബിജെപി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തി ആം ആദ്മി നേതാക്കള്‍. വാര്‍ത്ത സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും മറ്റ് എംഎല്‍എമാരെക്കൂടി കൂട്ടിയാല്‍ 25 കോടിതരാമെന്ന് പറഞ്ഞെന്നും ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ അന്വേഷണം നേരിടുകയെന്നായിരുന്നു ബിജെപി നേതാക്കളുടെ ഭീഷണിയെന്നും അദ്ദേഹം അറിയിച്ചു.

എഎപി എംഎല്‍എമാരെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും മനീഷ് സിസോദിയയെ മറ്റൊരു ഷിന്ദേയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയതെന്നും എഎപി കുറ്റപ്പെടുത്തി. എന്നാല്‍ ഈ ശ്രമത്തെ എഎപി പരാജയപ്പെടുത്തി. ബിജെപി നേതാക്കളുമായി സൗഹൃദമുള്ള എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുമായാണ് നേതാക്കള്‍ ബന്ധപ്പെട്ടതെന്നും എഎപി അറിയിച്ചു. ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതിനായി ബിജെപി നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ടെന്നും സോംനാഥ് ഭാരതി പറഞ്ഞു.

സിസോദിയക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് ബിജെപിക്ക് അറിയാമെന്നും അവര്‍ പറഞ്ഞു. ബിജെപി പ്രതിനിധികള്‍ സമീപിച്ച എഎപി എംഎല്‍എമാരും സഞ്ജയ് സിംഗിനൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്നും എല്ലാ കേസുകളും അവസാനിപ്പിക്കാമെന്നും ബിജെപി വാഗ്ദാനം ചെയ്തതായി മനീഷ് സിസോദിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മനീഷ് സിസോദിയക്കെതിരായ കേസ് തിരിച്ചുവിടാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

Related Articles

Post Your Comments

Back to top button