ചന്ദ്രബോസ് വധത്തില്‍ നിഷാമിന് തിരിച്ചടി
NewsKeralaLocal NewsCrime

ചന്ദ്രബോസ് വധത്തില്‍ നിഷാമിന് തിരിച്ചടി

കൊച്ചി: തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് തിരിച്ചടി. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിഷാം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നിഷാമിന്റെ ഹര്‍ജി തള്ളിയത്. തൃശൂരിലെ വിചാരണക്കോടതിയാണ് നിഷാമിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. ഹര്‍ജി തള്ളിയ ഡിവിഷന്‍ ബഞ്ച് പ്രതിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി തള്ളി.

2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ നിഷാം വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

അതിനുശേഷം ചന്ദ്രബോസിനെ നിഷാം എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചിരുന്നു. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നിഷാമിനെതിരെ പിന്നീട് കൊലക്കുറ്റം ചുമത്തി. തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയുമായിരുന്നു വിധി. ഇതിനെതിരെ നിഷാം നല്‍കിയ അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്.

Related Articles

Post Your Comments

Back to top button