നടൻ സുശാന്ത് സിംഗിന്റെ മരണം : കേസ് സി ബി ഐക്ക് കൈമാറി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ഏറെ ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് സി ബി ഐക്ക് വിട്ടതായി കേന്ദ്രം സുപ്രീം കോടതിയിൽ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ വൈകിട്ട്, അന്വേഷണം സുപ്രീം കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് കേസ് സി ബി ഐക്ക് കൈമാറിയതെന്ന് തുഷാർ മേത്ത അറിയിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് തെളിവുകൾ മറച്ചുവെക്കുന്നുണ്ടെന്നും ബിഹാർ പോലീസുമായി സഹകരിക്കണമെന്നും സുശാന്ത് സിംഗിന്റെ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു. അതേസമയം മഹാരാഷ്ട്ര സർക്കാരിന്റെ അഭിഭാഷകൻ ആർ. ബസന്ത് പറഞ്ഞത് ബിഹാർ പോലീസിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ അധികാരമില്ലെന്നും, മുംബൈ പൊലീസിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബിഹാർ പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാണ് ഹർജി. സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ് നൽകിയ പരാതിയിന്മേൽ കഴിഞ്ഞ 28-നാണ് പാറ്റ്ന പോലീസ് റിയക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുത്തത്.