കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍
KeralaNewsCrime

കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ അതിജീവിത ഹൈക്കോടതിയില്‍. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ മാസം രണ്ടിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത അപേക്ഷ നല്‍കിയത്.

കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെയും അതിജീവിത എതിര്‍ക്കുന്നു. നിലവിലെ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ അതിജീവിത അറിയിച്ചു. സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെകൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിത് വളരെ വേദനാജനകമായ കാര്യമാണിത്.

മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യം വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും അതിജീവിത കത്തില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം. വര്‍ഗീസ് തന്നെയാകുമെന്നാണ് അറിയിപ്പ്. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ രാജിവെച്ചിരുന്നു.

Related Articles

Post Your Comments

Back to top button