നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷിയായ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലാണ് അപ്പുണ്ണി കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. കൂറുമാറിയ അപ്പുണ്ണിയെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ചയും തുടരും.
കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്കു സമീപം അത്താണിയില്‍ വച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നടന്‍ ദിലീപ് അടക്കം ഒമ്പത് പ്രതികളുടെ വിസ്താരം അവസാനഘട്ടത്തിലാണ്.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്ന ഹോട്ടലില്‍ വച്ച് പീഡനത്തിനിരയായ നടിയും ദിലീപും തമ്മില്‍ വാക് തര്‍ക്കമുണ്ടായപ്പോള്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിരുന്നു. അതിനാല്‍ കാവ്യയെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.