Latest NewsNewsWorld

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട് അഫ്ഗാന്‍ തീവ്രവാദികള്‍

ഇസ്ലാമാബാദ്: കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയെ അഫ്ഗാനിസ്ഥാനിലെ വിവിധ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) സിടിഡി ജാവേദ് ഇഖ്ബാല്‍ വസീര്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. 90 ശതമാനത്തിലധികം തീവ്രവാദ ഗ്രൂപ്പുകളും അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്ത് പ്രത്യേകിച്ച് ബലൂചിസ്ഥാന്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാന്‍ ഇന്ന് കൃത്യമായ ഭരണമില്ലാത്ത ഒരു അരാജക പ്രദേശമായി മാറിക്കഴിഞ്ഞു. രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഫ്ഗാനിസ്ഥാനില്‍ അതുവരെ നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന പല ചെറിയ തീവ്രവാദ ഗ്രൂപ്പുകളും തങ്ങളുടെ അംഗബലം കൂട്ടുകയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതായി ഇപ്പോള്‍ പാക്കിസ്ഥാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈന- പാക്കിസ്ഥാന്‍ സംയുക്ത പദ്ധതിയായ സിപിഇസി പദ്ധതികളെയാണെന്നും പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് ആരോപിക്കുന്നു.

പ്രധാന പദ്ധതി പ്രദേശങ്ങള്‍, പോളിയോ ടീമുകള്‍, സാമ്പത്തിക പദ്ധതികള്‍ എന്നിവയെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും സിടിഡി ജാവേദ് ഇഖ്ബാല്‍ വസീര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പെഷവാറിലും ബന്നു മേഖലയിലും നടത്തിയ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഞ്ച് പ്രധാന ഗ്രൂപ്പുകളെ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഖൊറാസാന്‍ പ്രവിശ്യയില്‍ (ഐഎസ്‌കെപി) പോളിയോ വാക്സിനേഷന്‍ സംഘങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ 40ലധികം കൊലപാതക സംഭവങ്ങളില്‍ ഇത്തരം തീവ്രവാദ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡിഐജി സിടിഡി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ ഉടനീളം നടത്തിയ ഓപ്പറേഷനുകളില്‍ 110 ഭീകരര്‍ കൊല്ലപ്പെടുകയും 599 പേരെ സിടിഡി അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് രൂപ തലയ്ക്ക് വിലയിട്ടിരുന്ന നിരവധി പിടികിട്ടാപ്പുള്ളികള്‍ ഇതില്‍ ഉള്‍പ്പെടുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. കൊള്ളക്കാരും കൊലയാളികളും മറ്റ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവരുമടങ്ങിയ നിരവധി സംഘങ്ങളെ സൈന്യം പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,397 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍, 206 ഹാന്‍ഡ് ഗ്രനേഡുകള്‍, അഞ്ച് ചാവേര്‍ ജാക്കറ്റുകള്‍, 31,076 ഡിറ്റണേറ്ററുകള്‍, ഏഴ് ആര്‍പിജി റോക്കറ്റുകള്‍ എന്നിവ സിടിഡി തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായും ഇത് വഴി വലിയ ഭീകരവാദ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും ജാവേദ് ഇഖ്ബാല്‍ പറഞ്ഞതായി പാക്ക് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അഫ്ഗാനുമായി പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം വലിയതോതില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഈ തെക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദം 2021 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90% വര്‍ധിച്ചതായി ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്നലെ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 137 തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് നടന്നു. നിയമ നിര്‍വഹണ സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 130 ലധികം ആളുകള്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button