ജലീലിന് പുറകെ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് എം.എം. മണി
NewsKeralaPolitics

ജലീലിന് പുറകെ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് എം.എം. മണി

തിരുവനന്തപുരം: മുന്‍ മന്ത്രിമാര്‍ സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് മുന്‍മന്ത്രി ക.ടി. ജലീല്‍ വിശേഷിപ്പിച്ചതിന്റെ അലയൊലികളൊടുങ്ങുന്നതിന് മുന്‍പെ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുന്‍ മന്ത്രി എം.എം. മണി. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസുകാര്‍ വിചാരിച്ചിരുന്നു എന്നാണ് മണി പറഞ്ഞിരിക്കുന്നത്.

അധികാരം കിട്ടിയപ്പോള്‍ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നില്‍. അല്ലെങ്കില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങിനെയെന്നും മണി ചോദിക്കുന്നു. കര്‍ഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുവേയാണ് മണി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഇന്ത്യ ആഘോഷപൂര്‍വം കൊണ്ടാടുമ്പോഴാണ് മണി കോണ്‍ഗ്രസ് ഗാന്ധിജിയുടെ വധത്തിന് പിന്നിലെ ശക്തിയായി പ്രവര്‍ത്തിച്ചു എന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഡി.കെ. മുരളി എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് മണി ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചതെന്ന് ഒരു പ്രമുഖ മലയാളപത്രം റിപ്പോര്‍ട്ട് ചെയ്തു. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ആരോപണമാണ് മണി ഉന്നയിച്ചിരിക്കുന്നത്. സിപിഎം ഒരിക്കല്‍ പോലും ചിന്തിക്കാത്ത വിധത്തിലുള്ള മണിയുടെ ആരോപണം രാഷ്ട്രീയ കേരളത്തിലുണ്ടാക്കുന്ന ചര്‍ച്ചകള്‍ എന്തായാലും പാര്‍ട്ടി തന്നെ പ്രതിരോധിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അണികളെ ആവേശത്തിന്റെ പാരമ്യതയിലെത്തിക്കാന്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്തായാലും പാര്‍ട്ടികള്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Post Your Comments

Back to top button