ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍
NewsWorld

ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തിന് ശേഷം ഏഷ്യന്‍ രാജ്യങ്ങള്‍ പലതും സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. ശ്രീലങ്കയാണ് പ്രത്യക്ഷത്തില്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ആദ്യ ഏഷ്യന്‍ രാജ്യം. ലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിയുകയാണ്. പാക്കിസ്താനില്‍ വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ ദേശീയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബോര്‍ഡ് നിര്‍ദേശം നല്‍കി.

വൈദ്യുതി പ്രതിസന്ധിക്ക് പുറമെ ഇന്ധനവില വര്‍ധനയും തടയാനാകാത്ത നിലയിലാണ് ഇപ്പോഴുള്ളത്. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. വൈദ്യുതപ്രതിസന്ധിയെത്തുടര്‍ന്ന് ഈ മാസം മുതല്‍ ലോഡ് ഷെഡ്ഡിംഗ് ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയങ്ങളെ ആശ്രയിക്കുന്ന രാജ്യത്ത് ആവശ്യത്തിന് എല്‍എന്‍ജി വിതരണം നടക്കുന്നില്ലെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പുറമെ ഊര്‍ജ സംരക്ഷണം വര്‍ധിപ്പിക്കുന്നതിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പൊതുപ്രവര്‍ത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ നേരത്തേ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. ഇന്ധനവിലയും വര്‍ധിച്ചുവരികയാണ്. ഹൈസ്പീഡ് ഡീസലിന് 276.54 രൂപയാണ് വില. പെട്രോള്‍ ലിറ്ററിന് 10 രൂപയും ഹൈസ്പീഡ് ഡീസല്‍, മണ്ണെണ്ണ, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയ്ക്ക് അഞ്ച് രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കടുത്ത പ്രതിസന്ധിയിലാണ് പാക് ജനത. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പൗരന്മാരോട് ചായ കുടി കുറയ്ക്കാന്‍ പ്ലാനിംഗ് വകുപ്പ് മന്ത്രി ഇഹസാന്‍ ഇക്ബാല്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Post Your Comments

Back to top button