
പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കര്‍ശന ഉപാധികളോടെ ജാമ്യം. ആദിവാസി ഭൂമി കൈയേറിയെന്ന കേസിലാണ് അജി കൃഷ്ണന് മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയും രണ്ട് പേര് ആള് ജാമ്യം നില്‍ക്കുകയും വേണം. കൂടാതെ രണ്ട് മാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന ഉപാധിയും വച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതോടെയാണ് എച്ച്ആര്‍ഡിഎസ് വാര്‍ത്തകളില്‍ നിറയുന്നത്. ഷോളയാര്‍ വട്ടലക്കി ഊരില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട രാമന് എന്നയാളുടെ ഭൂമി കൈയേറിയതിനാണ് അജി കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥലത്ത് അജി കൃഷ്ണനും കൂട്ടുപ്രതികളും മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി കുടിലിന് തീവച്ച് അവരെ ഒഴിപ്പിച്ചതിന് ശേഷം സ്ഥലം കൈയേറി എന്നാണ് കേസ്. ഒരു വര്‍ഷം മുമ്പ് നല്കിയ പരാതിയില്‍ കഴിഞ്ഞദിവസമാണ് പോലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
Post Your Comments