ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്
NewsNational

ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഭൂമി വിണ്ടു കീറുന്ന ഉത്തരാഖണ്ഡിലെ ജോശിമഠിലെ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി.

പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് -2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോശിമഠ്- ഔലി റോഡും തകരുമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ടൗണിലും സമീപപ്രദേശങ്ങളിലെയും റോഡുകളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകളെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും പഠനം തുടരുകയാണ്. ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button