കര്‍ണാടകയില്‍ നല്‍കിയ അഞ്ച് ഉറപ്പുകളും ഇന്നു തന്നെ നടപ്പാക്കും; രാഹുല്‍ ഗാന്ധി
NewsNationalPolitics

കര്‍ണാടകയില്‍ നല്‍കിയ അഞ്ച് ഉറപ്പുകളും ഇന്നു തന്നെ നടപ്പാക്കും; രാഹുല്‍ ഗാന്ധി

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കകം നടപ്പാക്കുമെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇവ നിയമമായി മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു.

‘ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. എന്താണോ പറഞ്ഞത് അതു നടപ്പാക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ നടക്കും. അഞ്ച് ഉറപ്പുകളും അതില്‍ നിയമമായി മാറും.”- രാഹുല്‍ പറഞ്ഞു. എല്ലാ വീട്ടിലും 200 യൂണിറ്റ് വരെ വൈദ്യുതി (ഗൃഹജ്യോതി), കുടുംബനാഥകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ സഹായം (ഗൃഹലക്ഷ്മി), ബിപിഎല്‍ കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും പത്തു കിലോ അരി (അന്ന ഭാഗ്യ), 18 മുതല്‍ 25 വയസ്സുവരെയുള്ള തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം മൂവായിരം രൂപയും ഡിപ്ലോമ ധാരികള്‍ക്ക് 1500 രൂപയും രണ്ടു വര്‍ഷത്തേക്ക് (യുവ നിധി), ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര (ശക്തി) എന്നിവയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പു നല്‍കിയ ഉറപ്പുകള്‍.

സത്യവും ജനങ്ങളുടെ പിന്തുണയും ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസിനു ജയിക്കാനായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കൊപ്പമുള്ളത് പണത്തിന്റെയും അധികാരത്തിന്റെയും ബലമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ അഴിമതിയെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. സ്നേഹം വിജയിക്കുകയും വെറുപ്പ് തോല്‍ക്കുകയുമാണ് ഉണ്ടായതെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

Related Articles

Post Your Comments

Back to top button