Kerala NewsLatest NewsNews

കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പണയം വയ്ക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് ആരോപണം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ കുഴിയില്‍ ചാടിക്കാന്‍ നീക്കമെന്ന് ആരോപണം. ജീവനക്കാര്‍ക്കുള്ള ശമ്പളം, മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പണയം വച്ച് വായ്പ എടുക്കാനാണ് മുതിരുന്നത്.

ഇപ്പോള്‍ തന്നെ കോടികള്‍ ബാധ്യതയുള്ളതിനാല്‍ പൊതുമേഖല സ്ഥാപനങ്ങളൊന്നും കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കാന്‍ തയ്യാറല്ല. എന്നാല്‍ സഹായഹസ്തവുമായി ചിലര്‍ കെഎസ്ആര്‍ടിസിയുടെ മുന്നിലേക്കെത്തും. കണ്ണായ സ്ഥലങ്ങളിലുള്ള കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ സ്വന്തമാക്കാന്‍ വളഞ്ഞവഴി സ്വീകരിച്ചാണ് അവര്‍ കെഎസ്ആര്‍ടിസിയെ സഹായിക്കാനെത്തുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് തങ്ങളുടേതാക്കാന്‍ ലഭിക്കുന്ന അവസരം പാഴാക്കാതെ നോക്കുകയാണ് സഹായിക്കാനെത്തുന്നവരുടെ ലക്ഷ്യം.

ഇതിന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ ചിലരുടെ ഒത്താശയുണ്ടെന്ന ആരോപണവും ശക്തമാണ്. ഡിപ്പോയും സബ് ഡിപ്പോയും ഓപ്പറേറ്റിംഗ് സെന്ററുകളുമായി 94 കേന്ദ്രങ്ങളും അഞ്ച് റീജിയണല്‍ വര്‍ക്ഷോപ്പുകളും ചീഫ് ഓഫീസുമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇപ്പോള്‍ തന്നെ 52 ഡിപ്പോകള്‍ ബാങ്കുകൡ പണയത്തിലാണ്.

3100 കോടിയാണ് ഈ ഡിപ്പോകള്‍ പണയം വച്ച് കെഎസ്ആര്‍ടിസി വായ്പ എടുത്തിട്ടുള്ളത്. തിരിച്ചടവ് കൃത്യമല്ലാത്തതിനാല്‍ ഇതില്‍ പല ഡിപ്പോകളും ജപ്തിഭീഷണി നേരിടുകയാണ്. അതിനിടെയാണ് 30 ഡിപ്പോകള്‍ കൂടി പണയംവച്ച് 400 കോടി രൂപ വായ്പയെടുക്കാന്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നത്. തിരിച്ചടവ് കൃത്യമായി നടക്കുമെന്ന യാതൊരു ഉറപ്പുമില്ലാതെയാണ് ഈ വായ്പയ്ക്കും ശ്രമിക്കുന്നത്.

Related Articles

Back to top button