അല്‍ഷിമേഴ്സ്: ഓര്‍മകള്‍ ക്ഷയിച്ചുതുടങ്ങുന്ന രോഗം
NewsNationalHealth

അല്‍ഷിമേഴ്സ്: ഓര്‍മകള്‍ ക്ഷയിച്ചുതുടങ്ങുന്ന രോഗം

തന്മാത്രയെന്ന മോഹന്‍ലാല്‍ സിനിമയിലൂടെയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗാത്തെ കുറിച്ച് മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്… ഓര്‍മകള്‍ ക്ഷയിച്ചുതുടങ്ങുന്ന അവസ്ഥയാണിത്. നമ്മുടെ നിത്യ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മറന്നുപോകാറുണ്ട്.. താക്കോല്‍ എടുക്കാന്‍ മറക്കുന്നത്.. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിട്ട് സ്വിച്ച് ഓണ്‍ ആകാന്‍ മറന്നുപോവുക ഇവയെല്ലാം നമ്മുടെ ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ സംഭവിച്ചിട്ടുള്ള കാര്യമാണ്.. ഇതെല്ലം സാധാരണ ഒരാള്‍ക്ക് ഉണ്ടാവുകുന്ന മറവികള്‍ മാത്രമാണ്… എന്നാല്‍ ഈ സാധാരണ സംഭവങ്ങളെ കൂടാതെ ഇതൊരു രോഗം ആകുന്നതിനെ അള്‍ഷിമേഴ്സ് എന്ന് പറയുന്നു…

എന്താണ് അല്‍ഷിമേഴ്സ്

മറവി ഉണ്ടാക്കുന്ന രോഗമാണ് അല്‍ഷെമേഴ്‌സ് അഥവാ മറവിരോഗം. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്സ്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. സാവധാനം മരണകാരണമാവുയും ചെയ്യുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഈ രോഗം ഉണ്ടാവാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്സ് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. അഞ്ച് ശതമാനം മാത്രമാണ് ഇത്തരം സംഭവങ്ങളുണ്ടാകുക. സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് ബാധിതര്‍ കൂടുതലുള്ളത് എന്നാണ് കണ്ടെത്തലുകള്‍.

അല്‍ഷിമേഴ്സ് രോഗം കണ്ടെത്തിയാല്‍ ആ വ്യക്തിയുടെ ജീവിതം കഴിഞ്ഞു അല്ലെങ്കില്‍ രോഗത്തിനെതിരെ പോരാടാന്‍ സാധിക്കില്ല തുടങ്ങിയ ധാരണ ശരിയല്ല. രോഗം കണ്ടെത്തിയാലും ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവ്യായാമം, സാമൂഹിക ഇടപഴക്കം, മനഃപ്രയാസം കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ വര്‍ഷങ്ങളോളം ഉത്പാദനക്ഷമവും അര്‍ഥപൂര്‍ണവും ഉല്ലാസകരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.

ഓര്‍മ്മക്കുറവ്.. ചെറിയ ചെറിയ ജോലികള്‍ ചെയ്യാനുള്ള കഴിവിനെയും എല്ലാം അല്‍ഷിമേഴ്സ് സാരമായി ബാധിക്കുന്നു,.. ഡിമെന്‍ഷ്യയെ ബോധവല്‍ക്കരിക്കാന്‍ സെപ്റ്റംബറില്‍ ആചരിക്കുന്ന വാര്‍ഷിക ലോക അല്‍ഷിമേഴ്സ് മാസത്തിന്റെ ഭാഗമാണ് ലോക അല്‍ഷിമേഴ്സ് ദിനം. അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര ഫെഡറേഷനാണ് ഈ ദിനം ആചരിക്കുന്നത്… എഡിഐ ലോകമെമ്പാടുമുള്ള അല്‍ഷിമേഴ്സ് അസോസിയേഷനുകളെ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ മെച്ചപ്പെട്ട നയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോക അല്‍ഷിമേഴ്സ് മാസത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം ‘ഡിമെന്‍ഷ്യ അറിയുക, അല്‍ഷിമേഴ്സിനെ അറിയുക’ എന്നതാണ്.

ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് ഇത് ഒരു പ്രത്യേക തരം രോഗമാണ് എന്നതാണ്. എന്നാല്‍ ഡിമെന്‍ഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറവി രോഗം അല്‍ഷിമേഴ്സ് രോഗത്തിന് സമാനമാണ് എന്നതാണ് രോഗത്തെ കുറിച്ചുള്ള മറ്റൊരു മിഥ്യാധാരണ. ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അല്‍ഷിമേഴ്‌സ് രോഗം.

നിങ്ങള്‍ക്ക് കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ എപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ടോ എങ്കില്‍, നിങ്ങളുടെ മനസ്സ് അല്‍ഷിമേഴ്സ് രോഗത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍, മറവിയുടെ കാരണം അത് മാത്രമായിരിക്കണം എന്നില്ല. ജനസമൂഹത്തിന് പ്രായമേറുമ്പോള്‍ അവരില്‍ വാര്‍ധക്യരോഗങ്ങളും വര്‍ധിക്കുന്നു. വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ് ബാധിതര്‍. 2030 ആകുമ്പോള്‍ രോഗബാധിതര്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.

ഡിമെന്‍ഷ്യ ബാധിച്ചവരില്‍ 50% മുതല്‍ 60% വരെ അല്‍ഷിമേഴ്സ് രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അല്‍ഷിമേഴ്സിന്റെയും മറ്റ് തരത്തിലുള്ള ഡിമെന്‍ഷ്യയുടെയും ലക്ഷണങ്ങള്‍ തമ്മില്‍ വിശാലമായ സാമ്യമുണ്ട്. ഹ്രസ്വകാല ഓര്‍മ്മശക്തി കുറയുകയോ സമീപകാലത്ത് സംഭവിച്ച സംഭവങ്ങള്‍ മറക്കുകയോ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. അല്‍ഷിമേഴ്സ് ഉള്ള ആളുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ലളിതമായ ജോലികള്‍ പോലും ചെയ്യാന്‍ വെല്ലുവിളികള്‍ നേരിടുന്നു.

ഡിമെന്‍ഷ്യയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചും കഴിയുന്നത്ര വേഗത്തില്‍ രോഗനിര്‍ണയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനാണ് ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്. ഡിമെന്‍ഷ്യയെക്കുറിച്ചുള്ള ജനകീയ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയും അതിനെക്കുറിച്ചുള്ള ആശയവിനിമയത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം…

Related Articles

Post Your Comments

Back to top button