ഇന്ത്യയില്‍ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോണ്‍
NewsNationalBusinessTech

ഇന്ത്യയില്‍ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോണ്‍

മുംബൈ: ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍, ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ജീവനക്കാര്‍ പുറത്തായത് എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ നടപടി കൂടുതലായും ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ ഗ്ലോബല്‍ ടീമുകളുടെ ഭാഗമായുള്ളവര്‍ ആണ് പുറത്തായതെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി ഗണ്യമായ തോതില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവില്‍ സാമ്പത്തിക മാന്ദ്യം കാരണമാണ് ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും, നടപടി ബുദ്ധിമുട്ടുള്ളതാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിരിച്ചുവിടല്‍ നടപടി അനിവാര്യമാണെന്നും സിഇഒ ആന്‍ഡി ജാസി അറിയിച്ചു.

ജനുവരിയില്‍ 18,000 ജീവനക്കാരെ ആമസോണ്‍പിരിച്ചുവിട്ടിരുന്നു. നിലവില്‍ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയില്‍ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്.

Related Articles

Post Your Comments

Back to top button