
തൃശൂര്‍: തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇന്നലെ വൈകിട്ട് നാലരയോടെ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തളിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളായ അഞ്ജന, നിവേദ്, കണ്ണന്, ശ്രദ്ധ, റമീസ, ശ്രീഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഭിന്നശേഷിക്കാരനായ നിവേദ് ഇലക്ടിക്ക് വീല്‍ചെയറിലും മറ്റ് കുട്ടികള്‍ സൈക്കിളിലും നടന്നും നിവേദിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ വാടാനപ്പള്ളി ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ദേശീയ പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന കുട്ടികളെ പുറകില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ദേശീയപാതയോരത്തെ കാനയില്‍ ടയറുകള്‍ കുരുങ്ങിയ പിക്കപ്പ് വാനിനടിയില്‍ ഒരു കുട്ടി അകപ്പെട്ട നിലയിലായിരുന്നു. മറ്റ് കുട്ടികള്‍ ദേശീയപാതയോരത്തേക്കും തെറിച്ചുവീണു. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Post Your Comments