രണ്ടര മണിക്കൂർ അനിൽ അക്കര കാത്തുനിന്നു; നീതു ജോൺസൺ വന്നില്ല

ലൈഫ് മിഷൻ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോൺസണെ തേടി അനിൽ അക്കരെ എംഎൽഎ. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡിൽ രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല.
ലൈഫ് മിഷൻ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിലെ പെൺകുട്ടിയെ തേടിയായിരുന്നു എംഎൽഎ അനിൽ അക്കരയുടെ കുത്തിയിരുപ്പ്. നീതു ജോൺസൺ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ കത്ത് പ്രചരിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്-
‘സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്ബോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ്’ – നീതു ജോൺസൺ, മങ്കര എന്നായിരുന്നു കുറിപ്പ്.
നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ പന്തൽ കെട്ടി എം.എൽ.എ കാത്തിരുന്നത്. നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തി.രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പോലീസിൽ എം.എൽ.എ പരാതി നൽകി.