അനൂപ് മുഹമ്മദ്, ബിനീഷിന്റെ ബിനാമി.

ബെംഗളൂരു/ മയക്കുമരുന്ന് കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അന്വേഷണ റിപ്പോർട്ടിൽ ആണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്‍റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചു വന്നിരുന്നത്. അനൂപിന്‍റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി അനൂപിന് പണം എത്തിച്ച അക്കൗണ്ടുകള്‍ ബിനീഷിണ് മാത്രം അറിയുന്നതാണ്. അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്നും ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും പലതവണയായി മൂന്നര കോടി രൂപയോളം അനൂപ് മുഹമ്മദിന് ബിനീഷ് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
ബംഗളുരുവിൽ റസ്‌റ്റോറന്റ് നടത്തിയത് ബിനീഷിന്റെ ബിനാമിയായാണ്. വലിയ സാമ്പത്തിക ഇടപാടുകൾ ഇവർ തമ്മിലുണ്ടെന്ന് ഇ.ഡിയോടും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോടും അനൂപ് മുഹമ്മദ് നേരത്തെ സമ്മതിച്ചിരുന്നു. 17 മുതൽ 21 വരെ കസ്‌റ്റഡിയിലെടുത്ത് അനൂപിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. അനൂപ് പറഞ്ഞ മൊഴിയെക്കുറിച്ച് വ്യക്തത വരുത്താനാണ് കഴിഞ്ഞ 6ന് ബിനീഷിനെ ചോദ്യം ചെയ്‌തതെന്നും പിന്നീട് ബാങ്ക് രേഖകളിലെ വിവരങ്ങൾ ഉപയോഗിച്ച് ബിനീഷിനെ ചോദ്യം ചെയ്‌തപ്പോൾ സഹകരിക്കാൻ ബിനീഷ് തയ്യാറായില്ലെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20പേർ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയിട്ടുണ്ട്. ബിനീഷ് കൊടിയേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വരുകയാണ്.