Latest NewsNationalNewsPolitics

അപര്‍ണ യാദവ് ബിജെപിയില്‍

ലഖ്‌നൗ: മുന്‍ യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അപര്‍ണ ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. തനിക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും, രാജ്യമാണ് തനിക്ക് മുഖ്യമെന്നും അംഗത്വം സ്വീകരിച്ച ശേഷം അപര്‍ണ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വലിയ ആദരവുണ്ടെന്നാണ് അപര്‍ണ പറയുന്നത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ പ്രചോദിപ്പിച്ചു. അതിനാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അപര്‍ണ വ്യക്തമാക്കുന്നു. നേരത്തേ തന്നെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടിയെയും പരസ്യമായി അപര്‍ണ പ്രശംസിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. രാമക്ഷേത്ര നിര്‍മാണത്തിന് 11 ലക്ഷം രൂപയാണ് അപര്‍ണ സംഭാവന നല്‍കിയത്. ദേശീയ പൗരത്വരേഖയായ എന്‍ആര്‍സി രാജ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ അപര്‍ണ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

അപര്‍ണ ബിജെപിയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. 2011ലാണ് അപര്‍ണ യാദവ് അഖിലേഷ് യാദവിന്റെ അര്‍ധസഹോദരന്‍ പ്രതീക് യാദവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. മാധ്യമപ്രവര്‍ത്തകനായ അരവിന്ദ് സിംഗ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. അരവിന്ദ് സിംഗ് ബിഷ്ട് ഇപ്പോള്‍ യുപിയിലെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ആണ്. അവരുടെ അമ്മ അംബി ബിഷ്ട് ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥയാണ്. വിവാഹശേഷം സാമൂഹ്യസേവന രംഗത്ത് സജീവമാണ് അപര്‍ണ. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും പൊളിറ്റിക്‌സിലും ബിരുദാനന്തബിരുദം നേടിയിട്ടുണ്ട് അപര്‍ണ.

Related Articles

Back to top button