രാജ്ഭവനിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കെത്തുമോ ആരിഫ് മുഹമ്മദ് ഖാൻ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു.
PoliticsNational

രാജ്ഭവനിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കെത്തുമോ ആരിഫ് മുഹമ്മദ് ഖാൻ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു.

സാധ്യതാ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ദ്രൌപതി മുർമ്മുവും

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതുക്കെ അടുക്കുമ്പോൾ സ്ഥാനാർത്ഥികൾ ആരാകുമെന്ന ചർച്ചയാണ് രാഷ്ട്രീയ വേദികളിൽ നിറയുന്നത്. തങ്ങളുടെ സ്ഥാനാർത്ഥിയെ വളരെ എളുപ്പം ദേശീയ ജനാധിപത്യ സഖ്യത്തിന് വിജയിപ്പിച്ചെടുക്കാനാകുമെങ്കിലും ആരാണ് സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ച് ഇതു വരെ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല.ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ മുന്നിലുള്ളത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, ദ്രൌപദി മുർമ്മു എന്നിവരുടെ പേരുകളാണ്.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ രാഷ്ട്രപതിയാവും എന്ന് കരുതുന്നവരുമുണ്ട്. ബിജു ജനതാദളും വൈ എസ് ആർ കോൺഗ്രസും എൻ ഡി എയെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിൽ വിജയത്തെക്കുറിച്ച് ആശങ്കകളില്ല. പക്ഷേ രാഷ്ട്ര പതി തെരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്ന ചില രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ചാണ് ചർച്ച.

പരിപൂർണ്ണ ദേശീയ വാദിയും പണ്ഡിതനും പുരോഗമനവാദിയും വേദങ്ങളെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും മറ്റ് മതഗ്രന്ഥങ്ങളെക്കുറിച്ചുമൊക്കെ തികഞ്ഞ ധാരണയുള്ള വാഗ്മിയുമായ ആരിഫ് മുഹമ്മദ് ഖാന് അനുകൂല ഘടകങ്ങക്ഷ ഏറെയാണ്. ന്യൂനപക്ഷ സമൂഹത്തിൽ നിന്നൊരാളെ പരമോന്നത പദവിയിലേക്ക് പരിഗണിക്കുന്നതോടെ പ്രവാചക നിന്ദയെത്തുടർന്നുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കനാകുമെന്ന് ബിജെപി നേതൃത്വം കരുതിയാൽ അദ്ഭുതപ്പെടാനില്ല.സർവ്വമത സമഭാവന പ്രസംഗിക്കുകയല്ല പ്രവൃത്തിയിൽ കൊണ്ടുവരാൻ തങ്ങൾക്കാകുമെന്ന് ബിജെപി നേതൃത്വത്തിന് തെളിയിക്കേണ്ടതുണ്ട്. മുത്തലാഖ് നിരേധനത്തിലൂടെ മുസ്ലീം സ്ത്രീകളുമായി അടക്കം വളരെ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞ നരേന്ദ്ര മോദിയും ബിജെപി സർക്കാരും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളിൽ നിന്ന് അൽപ്പം അകന്നുവെന്ന വിലയിരുത്തലുണ്ട്.ഇസ്ലാമിസ്റ്റുകൾ ഇത് പ്രചരിപ്പിക്കുന്നതിലും ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാനും ശ്രമിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്ലീം സമുദായത്തിൽ നിന്നൊരാളെത്തന്നെ രാഷ്ട്രപതി പദത്തിലേക്ക് കൊണ്ടുവരാൻ ബിജെപി തയ്യാറെടുക്കുന്നത്. ലോക രാഷ്ട്രങ്ങൾക്കിടയിൽത്തന്നെ ഈ നീക്കം ശ്രദ്ധിക്കപ്പെടും ഇന്ത്യയിൽ ഇസ്ലാമോഫോബിയ എന്ന ആരോപണത്തിനും മറുപടിയാകുമത്.മോദി സർക്കാരിൻറെ പ്രചാരകൻ കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ പരമോന്നത പദവിയിലേക്ക് പരിഗണിക്കുന്നതിനെ സംഘപരിവാറും പിന്തുണച്ചേക്കും. ദേശീയ മുസ്ലീമായ ആരിഫ് മുഹമ്മദ് ഖാൻ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുകയാണെങ്കിൽ ദ്രൌപതി മുർമ്മുവിന് ഉപരാഷ്ട്രപതി സ്ഥാനം ലഭിച്ചേക്കും.കഴിഞ്ഞ തവണയും രാഷ്ട്രപതി പദത്തിലേക്ക ഉയർന്നു കേട്ട പേരായിരുന്നു ഒറീസയിൽ നിന്നുള്ള ബിജെപി വനിതാ നേതാവും മുൻ ഝാർഖണ്ഡ് ഗവർണറുമായ ദ്രൌപതി മുർമ്മുവിൻ്റേത്.

 ഏതായാലും രാംനാഥ് കോവിന്ദിനും വെങ്കയ്യ നായിഡുവിനും തങ്ങളുടെ പദവികളിൽ രണ്ടാമൂഴം ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എൻഡി എ സഖ്യകക്ഷികളിൽ പ്രധാനിയും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അടുത്ത കാലത്ത് നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങൾ വിശകലനം ചെയ്ത് അദ്ദേഹത്തെക്കൂടി വിശ്വാസത്തിലെടുത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചെറിയ മൽസരമെങ്കിലും കാഴ്ച വെക്കാനാകുമോയെന്ന ആലോചനയിലാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും. ഇരുവരും നിതീഷ് കുമാറിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടുത്തിടെ നിതീഷ് ബിജെപിയുമായി അകന്നതും ലാലുവിൻ്റെ ആർജെഡിയുമായി അടുത്തതുമാണ് പ്രതിപക്ഷ നിരയിൽ പ്രതീക്ഷ പകരുന്നത്. അപ്പോഴും അതൊന്നും ബിജെപി സ്ഥാനാർത്ഥിക്ക് വെല്ലുവിളി ഉയർത്താൻ പര്യാപ്തമല്ലെന്നതാണ് വസ്തുത.  അടുത്തമാസമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

Related Articles

Post Your Comments

Back to top button