വീട്ടില്‍ സൂക്ഷിച്ച 4 ലക്ഷം രൂപയോളം വില വരുന്ന 45 കിലോ ചന്ദനം പിടികൂടി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീട്ടില്‍ സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി. ആറ്റിങ്ങല്‍ കുഴിമുക്ക് ഭാഗത്ത് അനില്‍കുമാറിന്റെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടിയത്.
4 ലക്ഷം രൂപയോളം വില മതിക്കുന്ന ചന്ദന കഷ്ണങ്ങളാണ് പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നിരുന്ന സിന്തറ്റിക് വാട്ടര്‍ ടാങ്കിനകത്ത് ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ചന്ദനം വില്‍ക്കാന്‍ ശ്രമിച്ച ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ പോലീസ് സ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദനം പിടികൂടിയത്.
തിരുവനന്തപുരം കണ്‍ട്രോള്‍ റൂം റെയിഞ്ച് ഓഫീസര്‍ സലിന്‍ ജോസ്, ചുള്ളിമാനൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ വി ബ്രിജേഷ് എന്നിവരുടെ നേതൃത്തത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്.