
ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുതെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ഇന്ത്യ. ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിനെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെയാണ് ഇന്ത്യയുടെ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. ടീസ്റ്റയെയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന കൗണ്‍സില്‍ പരാമര്‍ശം അംഗീകരിക്കാനാകില്ല. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ടീസ്റ്റയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും.
Post Your Comments