
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്‍ഷോയെ അറസ്റ്റ് ചെയ്തത് കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ്.
ജാമ്യത്തിലിറങ്ങിയ ആര്‍ഷോ സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നേരത്തെ ജില്ല കോടതിയില്‍ ആര്‍ഷോ നല്കിയ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ ആക്രമണ കേസുകളില്‍ പ്രതിയായ ആര്‍ഷോ ജൂണ്‍ 12നാണ് കോടതിയില്‍ കീഴടങ്ങിയത്. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പോലീസിനോട് വിശദീകരണം തേടിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുത്തിട്ടും പോലീസ് ആര്‍ഷോയെ പിടികൂടിയിരുന്നില്ല. ഈ വര്‍ഷം 2022 ഫെബ്രുവരി 28ന് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയെങ്കിലും കീഴടങ്ങുന്നത് വരെ കേരള പോലീസ് ആര്‍ഷോയെ പിടികൂടാന്‍ തയാറല്ലായിരുന്നു. എറണാകുളം ജില്ല ഭാരവാഹിയായിരുന്ന ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
Post Your Comments