ലഹരിമരുന്ന് വിതരണത്തില്‍ ആര്യന്‍ ഖാന്‍ മുഖ്യകണ്ണി: എന്‍സിബി
മുംബൈ: ആഢംബര കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ ലഹരിമരുന്ന് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ മുഖ്യപങ്കാളിയാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ആര്യന്റെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് വഴിയാണ് കപ്പലില്‍ ലഹരിമരുന്ന് എത്തിച്ചത്. മയക്കുമരുന്ന് അനധികൃതമായി എത്തിക്കുന്നതിനുള്ള രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ആര്യന് ബന്ധമുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു.
ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിലാണ് എന്‍സിബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈ സ്‌പെഷല്‍ കോടതിയാണ് ആര്യന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ലഹരി ഇടപാടിലെ ഗൂഢാലോചനയില്‍ ആര്യന്‍ ഖാനും മറ്റ് പ്രതികളും പങ്കാളികളാണ്. ആര്യന്റെ നിര്‍ദേശപ്രകാരമെത്തിച്ച ലഹരി മരുന്ന് അര്‍ബാസിന്റെ പക്കല്‍ നിന്നും പിടിച്ചെടുക്കകയാണ് ചെയ്തത്. മറിച്ചുള്ള ആരപോണങ്ങള്‍ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും എന്‍സിബി കോടതിയെ ബോധിപ്പിച്ചു.
ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമിത് ദേശായി ചൂണ്ടിക്കാട്ടി. പ്രതീക് എന്നയാളാണ് ആര്യനെ പാര്‍ട്ടിക്ക് ക്ഷണിച്ചത്. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിമരുന്നൊന്നും കണ്ടെടുത്തിട്ടില്ല. ലഹരി ഉപയോഗത്തേയും വില്‍പനയേയും കുറിച്ച് രഹസ്യ വിവരം കിട്ടിയെന്നാണ് എന്‍സിബി പറയുന്നത്. അത് ആര്യന്‍ ഖാനെ കുറിച്ചല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആര്യന്‍ ഖാനും മറ്റ് ഏഴ് പ്രതികളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ മജിസ്ട്രേറ്റ് കോടതി ഇരുവരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആര്യനും സംഘവും എന്‍സിബിയുടെ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഇംതിയാസ് ഖത്രിയോട് എന്‍സിബി നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.