Kerala NewsLatest NewsNews

മാടായിപ്പാറയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വച്ചു

കണ്ണൂര്‍: മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാളക്കല്ലുകള്‍ വീണ്ടും പിഴുതു മാറ്റി റീത്ത് വച്ചു. എട്ട് കല്ലുകളാണ് പിഴുത് റോഡില്‍ കൂട്ടിയിട്ടത്. സംഭവത്തില്‍ പഴയങ്ങാടി പോലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയിയുടെ ഭാഗമായി കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ തൂണുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കല്ല് നീക്കം ചെയ്യുന്നതില്‍ നിലപാട് അറിയിക്കാന്‍ കെ റെയില്‍ കമ്പനിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

സില്‍വര്‍ ലൈനിനായി 2832 കല്ലുകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂണ്‍ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെ. സുധാകരന്‍ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റപ്പെട്ടത്.

പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തത് വലിയ വിവാദമായിരുന്നു. പണി തുടങ്ങി എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ പോസ്റ്റ്. അഞ്ഞൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന ജൈവ സമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയില്‍ നിര്‍മ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

Related Articles

Back to top button