ജോജുവിനെതിരെ ആക്രമണം: കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു
കൊച്ചി: ജോജുവിനെതിരെ ആക്രമണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമയത്ത് പ്രതിഷേധവുമായി എത്തിയ സിനിമ നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നിലപാടുമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തി.
ഏതാനും വര്‍ഷം മുമ്പ് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സിപിഎം നടത്തിയ റോഡ് ഉപരോധസമരത്തെ സന്ധ്യ എന്ന വീട്ടമ്മ ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോള്‍ അന്ന് സന്ധ്യക്ക് പിന്തുണയുമായെത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. അന്ന് സമരം പൊളിക്കാന്‍ സന്ധ്യയുടെ ഷോ പ്രകടനമാണെന്നായിരുന്നു സിപിഎം നേതാക്കളുടെ ആക്ഷേപം.
വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് സമരമുഖത്തേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ജോജു എന്ന നടന്‍ കടന്നുവന്നപ്പോള്‍ അതു മറ്റൊരു ഷോ കാണിക്കലായി കോണ്‍ഗ്രസ് വ്യാഖ്യാനിക്കുകയാണ്. സിപിഎം സമരം നടത്തുമ്പോള്‍ ജനദ്രോഹവും കോണ്‍ഗ്രസ് നടത്തുമ്പോള്‍ അത് ജനോപകാരവുമാവുമോ എന്ന ചോദ്യത്തിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷികളും പിന്തുണയ്ക്കുന്നില്ല. മാത്രമല്ല പല കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മിന്റെ ശൈലിയെ അനുകരിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് എതിരാണ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ജോജുവിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചെങ്കിലും വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമരരീതിയെ തള്ളിപ്പറയുകയാണുണ്ടായത്. കോണ്‍ഗ്രസില്‍ ഭിന്നനിലപാടുണ്ടായത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജോജു വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ജോജുവിനെ മാളയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ജോജുവിനെ തടഞ്ഞാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഫലത്തില്‍ ജോജു വിഷയത്തില്‍ കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ച് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുകാര്‍. പ്രതികരിച്ചാല്‍ അടി കിട്ടും, പ്രതികരിച്ചില്ലെങ്കില്‍ നട്ടെല്ലില്ലാത്തവരെന്ന പരിഹാസവും എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി.