കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം
GulfNewsWorldCrime

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം

ഖത്തര്‍: വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് അധികൃതര്‍. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്.

വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള 849 ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഖത്തറിലേക്ക് കൊണ്ടുവരികയും ഖത്തറില്‍ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടണ്‍ ബോക്‌സിലാണ് അന്ന് ഹാഷിഷ് കണ്ടെടുത്തത്. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. ഈ മാസം നേരത്തെയും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കിയിരുന്നു.

Related Articles

Post Your Comments

Back to top button