75-ാം സ്വാതന്ത്രദിനാഘോഷം: കണ്ണൂരില്‍ മൂന്ന് കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് സ്വാതന്ത്ര്യസ്മൃതിയാത്രകള്‍
NewsKeralaLocal News

75-ാം സ്വാതന്ത്രദിനാഘോഷം: കണ്ണൂരില്‍ മൂന്ന് കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് സ്വാതന്ത്ര്യസ്മൃതിയാത്രകള്‍


കണ്ണൂര്‍: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 15 ന് സ്മൃതിയാത്രകള്‍ നടക്കും. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് സ്മൃതിയാത്രകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

പയ്യന്നൂരില്‍ ഉപ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ച ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് വൈകിട്ട് മൂന്ന് മണിക്ക് നടത്തുന്ന സ്മൃതിയാത്ര സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ.ടി. സഹദുല്ല പ്രസംഗിക്കും. തളിപ്പറമ്പില്‍ രാവിലെ പത്ത് മണിക്ക് ഖാഇദെ മില്ലത്ത് സെന്റര്‍ പരിസരത്ത് നിന്ന് ഹൈവെ പ്ലാസയിലേക്ക് നടത്തുന്ന യാത്ര ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ പ്രസംഗിക്കും.

ഇരിക്കൂര്‍ മണ്ഡലം കമ്മറ്റി വൈകീട്ട് നാലരയ്ക്ക് പഴയങ്ങാടിയില്‍ നിന്ന് ശ്രീകണ്ഠാപുരത്തേക്ക് നടത്തുന്ന സ്മൃതിയാത്ര മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ അഡ്വ. എസ്. മുഹമ്മദ്, എം.പി.എ. റഹീം പ്രസംഗിക്കും.

സംസ്ഥാനത്ത് 75 കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്മൃതിജാഥകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ പഞ്ചായത്ത്, ശാഖാ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതാതിടങ്ങളില്‍ സാധാരണ പോലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടക്കും.

Related Articles

Post Your Comments

Back to top button