ലഹരി ഉപയോഗം തടയാന്‍ കര്‍മ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം
NewsLocal News

ലഹരി ഉപയോഗം തടയാന്‍ കര്‍മ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം

കണ്ണൂര്‍: വിദ്യാര്‍ഥികളിലും സ്‌കൂള്‍ പരിസരങ്ങളിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കര്‍മ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ.വി. സുമേഷ് എംഎല്‍എ വിളിച്ചു ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമരൂപം നല്‍കി. ഇതിന്റെ ആദ്യഘട്ടമായി സെപ്റ്റംബര്‍ 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും യോഗം ചേരും.

ഇതില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍, വ്യാപാരി പ്രതിനിധികള്‍, എക്‌സൈസ്, പോലീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്‌കൂളുകളില്‍ നടപ്പാക്കേണ്ട ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ തയ്യാറാക്കും. രണ്ടാം ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതസംഘടന നേതാക്കള്‍, യുവജന സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജനകീയ യോഗവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ചേരും. പഞ്ചായത്തുകളില്‍ തുടര്‍ കൂടിയാലോചന യോഗവും ചേരും.
അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന പദ്ധതികളാണ് എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ലഹരി തടയാന്‍ സ്‌കൂളുകളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി, എസ്പിസി കാഡറ്റുകള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കും. ഇതുകൂടാതെ മാസത്തില്‍ രണ്ട് തവണ സ്‌കൂളുകളില്‍ അസംബ്ലി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ഡോക്യുമെന്റെറികള്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, പഞ്ചായത്തു പ്രസിഡന്റുമാരായ കെ. രമേശന്‍, പി.പി. ഷമീമ, കെ. അജീഷ്, പി. ശ്രുതി, വൈസ് പ്രസിഡന്റ് കെ. പ്രദീപന്‍, അസി എക്‌സൈസ് കമ്മീഷണ്‍ര്‍ ടി. രജീഷ്, വളപട്ടണം എസ്‌ഐ കെ.കെ. രേഷ്മ, പാപ്പിനിശേരി എഇഒ പി.വി. വിനോദ്കുമാര്‍, ബിപിസി കെ. പ്രകാശന്‍, സിജി ആന്‍ഡ് എസി സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍. ശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button