കോഹ്‌ലിയുമായി താരതമ്യം ചെയ്യാന്‍ ബാബര്‍ ആയിട്ടില്ല: വസിം അക്രം
Sports

കോഹ്‌ലിയുമായി താരതമ്യം ചെയ്യാന്‍ ബാബര്‍ ആയിട്ടില്ല: വസിം അക്രം

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാന്‍ ബാബര്‍ അസം ആയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം വസിം അക്രം. ബാബര്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. ശാരീരിക ക്ഷമതയും മുന്നേറാനുള്ള ആവേശവുമുണ്ട്. എന്നാല്‍ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നതിനായിട്ടില്ലെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അക്രം പറഞ്ഞത്.

താരതമ്യങ്ങള്‍ സാധാരണമാണ്. എല്ലാ കാലത്തും താരതമ്യങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഒരുകാലത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരെയാണ് താരതമ്യം ചെയ്തിരുന്നതെന്ന് അക്രം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കോഹ്‌ലിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. കോഹ്‌ലി തന്റെ കാലത്തെ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാള് കോഹ്‌ലി.

ക്ലാസ് എല്ലാക്കാലവും നിലനില്‍ക്കുന്ന ഒന്നാണെന്ന് പറയുന്ന പോലെയാണ് കോഹ്‌ലിയുമെന്ന് അക്രം പറഞ്ഞു. 2019 ഏകദിന ലോകകപ്പ് വരെ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 60ന് അടുത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഫോമിന് മങ്ങലേറ്റിട്ടുണ്ട്. അവസാന സെഞ്ച്വറിക്ക് ശേഷം ഏകദിനത്തില്‍ 35ന് മുകളില്‍ മാത്രമാണ് കോഹ്‌ലിയുടെ ശരാശരി.

ഇത് സാധാരണ ഗതിയില്‍ മികച്ച ശരാശരിയാണെങ്കിലും കോഹ്‌ലിയുടെ ചരിത്രത്തിന് യോജിച്ചതല്ലെന്നും അക്രം പറഞ്ഞു. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ കോഹ്‌ലി തിളങ്ങുന്നതിനോട് താത്പര്യമില്ലെന്നും എന്നാല്‍ വൈകാതെ തന്നെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അക്രം വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button