മലയില്‍ കുടുങ്ങിയ ബാബുവിനെ സുഹൃത്തുക്കള്‍ പണത്തിനായി പീഡിപ്പിച്ചു: വീഡിയോ മനപൂര്‍വം അപമാനിക്കാന്‍ ഉണ്ടാക്കിയത്

പാലക്കാട്: ട്രക്കിങിനിടയില് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിന്റെ രക്ഷാ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ആര്‍മി എത്തിയാണ് ബാബുവിനെ അന്ന് മലയില്‍ നിന്നും താഴെയിറക്കിയത്. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബാബുവിന്റെ മറ്റോരു വീഡിയ പ്രചരിച്ചിരുന്നു.
കുറച്ച് പേര് ചേര്‍ന്ന് ബാബുവുമായി പിടിവലി നടത്തുന്നതും. തലവഴി വെള്ളമൊഴിച്ച് ലഹരി ഇറക്കാന്‍ ശ്രമിക്കുന്നതും, ബാബു അസഭ്യ വര്‍ഷം നടത്തുന്നതും തനിക്ക് മരിക്കണമെന്ന് വിളിച്ച് കൂവുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ പ്രചരിച്ചതോടെ ബാബു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയിലും വലിയ ശ്രദ്ധ നേടി. വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടാകുന്നത്.
എന്നാല്‍ ഇത് ബാബുവിനെ മനപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബാബുവിന്റെ സഹോദരന് ഷാജി പറയുന്നത്. ബാബുവിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ഷാജി ആരോപിക്കുന്നത്. ബാബുവിനെ അപമാനിക്കുന്നതിനായി ബുധനാഴ്ചയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നും ഷാജി പറയുന്നു.
മലകയറ്റത്തിന് ശേഷം ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും, ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ ബാബു മാനസികമായി തകര്‍ന്നു ‘ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കള്‍ കളിയാക്കി. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. അതിന്റെ പേരില്‍ പണത്തിനായി അവര്‍ അവനെ പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നു’, ഷാജി ആരോപിച്ചു.